ഗാസയില്‍ ഇസ്രയേലും പലസ്തീന്‍ സായുധ സംഘങ്ങളും തമ്മില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ധാരണ. ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ചൊവ്വാഴ്ച രാത്രി നിലവില്‍ വന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ആഘോഷസൂചകമായ വെടിയൊച്ചകള്‍ ഗാസയില്‍ മുഴങ്ങി. ആയിരങ്ങള്‍ തെരുവുകളില്‍ പ്രകടനമായി അണിനിരന്നു.
വെടിനിര്‍ത്തല്‍ പൂര്‍ണ്ണവും സമഗ്രവുമായിരിക്കുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് പ്രതികരിച്ചു. വാര്‍ത്ത സ്ഥിരീകരിച്ച മുതിര്‍ന്ന ഇസ്രയേല്‍ ഉദ്യോഗസ്ഥനും വെടിനിര്‍ത്തല്‍ പൂര്‍ണവും സമയപരിധി ഇല്ലാത്തതുമായിരിക്കുമെന്നും പറഞ്ഞു. ജൂലൈ 15-ന് തന്നെ ഇസ്രയേല്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത ഒരു മാസം ഇരുവിഭാഗങ്ങളും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ തുടരുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗാസയിലെ ഇസ്രയേല്‍ ഉപരോധം അവസാനിപ്പിക്കണമെന്ന ഹമാസ് ആവശ്യത്തോട് ഇസ്രയേല്‍ ഭാഗികമായി വഴങ്ങിയതായി മുതിര്‍ന്ന ഹമാസ് പ്രതിനിധി വാര്‍ത്താ ഏജന്‍സിയായ എ.പിയോട് പറഞ്ഞു. ദുരിതാശ്വാസ വസ്തുക്കളും നിര്‍മ്മാണ വസ്തുക്കളും കൊണ്ടുപോകുന്നതിന് തല്‍ക്കാലം ഉപരോധത്തില്‍ ഇളവ് നല്‍കും. ഗാസയില്‍ തുറമുഖവും വിമാനത്താവളവും സ്ഥാപിക്കുന്നതിന്റെ സാദ്ധ്യതകളും തുടര്‍ന്ന്‍ ചര്‍ച്ച ചെയ്യും.
വെടിനിര്‍ത്തല്‍ പ്രഖ്യപനത്തിന് തൊട്ടുമുന്‍പ് വരെ ഇരു വിഭാഗങ്ങളും തമ്മില്‍ പോരാട്ടം തുടര്‍ന്നു. ജൂലൈ എട്ടിന് ഇസ്രയേല്‍ സേന ആരംഭിച്ച ഓപ്പറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന ആക്രമണത്തിന്റെ അമ്പതാം ദിവസമായിരുന്നു തിങ്കളാഴ്ച. ആക്രമണത്തില്‍ 577 കുട്ടികളടക്കം 2120 പലസ്തീന്‍കാരെങ്കിലും കൊല്ലപ്പെട്ടതായി പലസ്തീന്‍ അധികൃതര്‍ അറിയിച്ചു. ഇസ്രയേല്‍ ഭാഗത്ത് 67 പേരാണ് മരിച്ചത്. ഇതില്‍ 64 പേരും സൈനികരാണ്.