ജൂലൈ എട്ടിന് ആരംഭിച്ച ഇസ്രയേല്‍ ആക്രമണം തിങ്കളാഴ്ച 50 ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഗാസയില്‍ എല്ലാ അംഗങ്ങളും കൊല്ലപ്പെട്ട 89 കുടുംബങ്ങള്‍. മുന്നറിയിപ്പില്ലാതെ നടന്ന വ്യോമാക്രമണത്തില്‍ അമ്മയും അഞ്ച് മക്കളും കൊല്ലപ്പെട്ടതോടെ ഗാസ ചിന്തിന്റെ വടക്കന്‍ ഭാഗത്തെ ടെല്‍ അസതാറിലെ ജുദെഹ് കുടുംബമാണ് ഈ പട്ടികയില്‍ ഒടുവില്‍ ഇടം പിടിച്ചത്.
ഗാസയില്‍ ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്ന ഏത് കെട്ടിടവും ആക്രമിക്കുമെന്ന്‍ പറഞ്ഞ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനങ്ങളോട് ഇവിടങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകാനും ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. ഹമാസ് അടക്കമുള്ള പലസ്തീന്‍ സായുധ സംഘടനകള്‍ റോക്കറ്റ് ആക്രമണത്തിനു മറയാക്കുന്നു എന്നാരോപിച്ച് ഗാസയിലെ സ്കൂളുകളും ആശുപത്രികളും അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ സേന വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.
താല്‍ക്കാലിക വെടിനിര്‍ത്തലും സമാധാന ചര്‍ച്ചകളും തകര്‍ന്ന്‍ കഴിഞ്ഞ ആഴ്ച ആക്രമണം പുനരാരംഭിച്ചതിന് ശേഷം ഗാസയിലെ കെട്ടിടങ്ങളെയാണ് ഇസ്രയേല്‍ സേന കൂടുതലായി ലക്ഷ്യം വെക്കുന്നത്. ശനിയാഴ്ച 13 നിലയുള്ള ഒരു അപാര്‍ട്മെന്‍റ് കെട്ടിടം ഇസ്രയേല്‍ നിശ്ശേഷം നശിപ്പിച്ചിരുന്നു. മുന്നറിയിപ്പ് നല്‍കിയ ശേഷമായിരുന്നു ആക്രമണമെന്നതിനാല്‍ ഇവിടെ ആരും കൊല്ലപ്പെട്ടില്ല.
ആക്രമണത്തില്‍ ഇതുവരെ 2,120 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ 577 പേര്‍ കുട്ടികളാണ്. ഭൂരിഭാഗം പേരും സാധാരണക്കാരും.