ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ചുരുങ്ങിയത് 469 കുട്ടികള്‍ കൊല്ലപ്പെടുകയും 3000-ത്തില്‍ അധികം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യു.എന്‍ ഏജന്‍സിയായ യുണിസെഫ്. 3.73 ലക്ഷത്തില്‍ അധികം വരുന്ന പലസ്തീന്‍ കുട്ടികള്‍ക്ക് സത്വര മാനസിക-സാമൂഹ്യ സഹായം ആവശ്യമാണെന്ന് യുണിസെഫിന്റെ ഗാസ ഓഫീസ് മേധാവി പെര്‍നില്ല അയേണ്‍സൈഡ് പറഞ്ഞു.
ചൊവ്വാഴ്ച ആക്രമണം പുനരാരംഭിച്ച ശേഷം മാത്രം ഗാസയില്‍ ഒന്‍പത് കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മരണം, പരിക്ക്, ഭവനനഷ്ടം എന്നിവ അനുഭവിക്കാത്ത ഒരു കുടുംബം പോലും ഗാസയില്‍ ഇല്ലെന്ന് ന്യൂയോര്‍ക്കില്‍ വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അയേണ്‍സൈഡ് പറഞ്ഞു.
3.73 ലക്ഷം വരുന്ന പലസ്തീന്‍ കുട്ടികളില്‍ യുദ്ധം ശാരീരികമെന്ന പോലെ വൈകാരികമായും മാനസികമായും കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, യുണിസെഫിന്റെ ഗാസയിലെ 50 പേര്‍ വരുന്ന മാനസിക വിദഗ്ധ-ഉപദേശക സംഘത്തിന്റെ സേവനം 3000-ത്തോളം കുട്ടികള്‍ക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്.
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 219 സ്കൂളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ 22 എണ്ണം പൂര്‍ണ്ണമായി തകര്‍ന്നു. ഗാസയ്ക്ക് മേല്‍ നിലവിലുള്ള ഉപരോധം കണക്കിലെടുത്താല്‍ ആക്രമണത്തില്‍ തകര്‍ന്ന 17,000 വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ 18 വര്‍ഷം വേണ്ടിവരുമെന്ന് ഗാസയിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി വിശദീകരിച്ചുകൊണ്ട് അയേണ്‍സൈഡ് പറഞ്ഞു.
ചൊവ്വാഴ്ച സമാധാന ചര്‍ച്ചകള്‍ തകര്‍ന്നതോടെ എട്ടുദിവസം നീണ്ട ഇടവേളയ്ക്ക് ശേഷം ഇസ്രയേല്‍ സൈന്യവും ഗാസയിലെ പലസ്തീന്‍ സായുധ സംഘങ്ങളും ആക്രമണങ്ങള്‍ പുനരാരംഭിച്ചിരുന്നു. ജൂലൈ എട്ടിന് ഇസ്രയേല്‍ ആരംഭിച്ച ആക്രമണത്തില്‍ ഏകദേശം 2100-ല്‍ അധികം പലസ്തീന്‍കാരും മൂന്ന്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ 67 ഇസ്രയേല്‍കാരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട പലസ്തീന്‍കാരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്.