പ്രശ്നപരിഹാരത്തിന് വഴികള്‍ കാണാതെ സമാധാന ചര്‍ച്ചകള്‍ മുറിഞ്ഞതോടെ ഗാസയില്‍ ഇസ്രയേലും പലസ്തീന്‍ സായുധ സംഘങ്ങളും തമ്മിലുള്ള ആക്രമണം പുനരാരംഭിച്ചു. അഞ്ചു വയസ്സുകാരിയും അമ്മയും അടക്കം മൂന്ന്‍ പേര്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടു. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലെക്ക് ഹമാസ് ചെറുറോക്കറ്റുകള്‍ കൊണ്ട് ആക്രമണം നടത്തി.
ഗാസ നഗരത്തില്‍ ചൊവ്വാഴ്ച ഇസ്രയേല്‍ 35 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഇതില്‍ ഹമാസ് സൈനിക വിഭാഗത്തിന്റെ നേതാവ് മൊഹമ്മദ് ദേയ്ഫിന്റെ മകളും ഭാര്യയും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.40-ല്‍ അധികം പേര്‍ക്ക് ഇവിടെ പരിക്കേറ്റിട്ടുണ്ട്.
അതിനിടെ, ഗാസ ചിന്തില്‍ നിന്ന്‍ ഏകദേശം 70 കിലോമീറ്റര്‍ വടക്ക് മാറിയുള്ള ടെല്‍ അവീവില്‍ റോക്കറ്റ് ആക്രമണം നടത്താന്‍ ഹമാസിന് കഴിഞ്ഞു. ആര്‍ക്കും പരിക്കില്ല. ചൊവ്വാഴ്ച ഏകദേശം 50 റോക്കറ്റുകള്‍ ഹമാസ് വിക്ഷേപിച്ചതായി ഇസ്രയേല്‍ സേന അറിയിച്ചു. ഗാസ അതിര്‍ത്തിയില്‍ നിന്ന്‍ 80 കിലോമീറ്റര്‍ പരിധിയില്‍ കഴിയുന്നവരോട് ബോംബ് സുരക്ഷാ കേന്ദ്രങ്ങള്‍ തുറക്കാന്‍ സേന ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗസ്ത് 11 മുതല്‍ എട്ടു ദിവസം നീണ്ടുനിന്ന വെടിനിര്‍ത്തലിന് ഇതോടെ വിരാമമായി. വെടിനിര്‍ത്തല്‍ ലംഘിച്ചതിന് ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തി. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കൈറോവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന്‍ തങ്ങളുടെ പ്രതിനിധികളെ ഇസ്രയേല്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. ജൂലൈ എട്ടിന് ഇസ്രയേല്‍ ആരംഭിച്ച ആക്രമണത്തില്‍ 2000-ത്തോളം പലസ്തീന്‍കാരും 67 ഇസ്രയേല്‍കാരും കൊല്ലപ്പെട്ടു.