ഗാസയില്‍ വെടിനിര്‍ത്തല്‍ 24 മണിക്കൂര്‍ കൂടി തുടരാന്‍ ഇസ്രയേലും പലസ്തീന്‍ വിഭാഗങ്ങളും തമ്മില്‍ ധാരണയായി. ആഗസ്ത് 14-ന് പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ തീരുന്നതിന് തൊട്ടുമുന്‍പാണ് പ്രഖ്യാപനം വന്നത്. എന്നാല്‍, ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ കൈറോവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ യാതൊരു പുരോഗതിയുമില്ലെന്ന് ഒരു പലസ്തീന്‍ പ്രതിനിധി പറഞ്ഞു.
ഗാസ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ ആക്രമണങ്ങള്‍ പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് വെസ്റ്റ് ബാങ്കിലെ ഫത്താ പാര്‍ട്ടിയുടെ പ്രതിനിധി അസം അല്‍-അഹമദ് പറഞ്ഞു. ചര്‍ച്ചകളില്‍ ഒരു വിഷയത്തിലും ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ലെന്ന് അഹമദ് പറഞ്ഞു.
കഴിഞ്ഞ എട്ടു വര്‍ഷമായി ഇസ്രയേലും ഈജിപ്തും ഗാസയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിക്കണമെന്നാണ് ഗാസയില്‍ നിയന്ത്രണമുള്ള പലസ്തീന്‍ രാഷ്ട്രീയ-സൈനിക സംഘടന ഹമാസിന്റെ പ്രധാന ആവശ്യം. ഹമാസും ഗാസയിലെ മറ്റ് സായുധ സംഘടനകളും നിരായുധീകരണത്തിന് വിധേയമാകണമെന്ന് ഇസ്രയേലും ആവശ്യപ്പെടുന്നു. പരസ്പരം രാഷ്ട്രീയമായി അംഗീകരിക്കാത്ത ഇരു വിഭാഗങ്ങളും ഈജിപ്ത് പ്രതിനിധികള്‍ മുഖേന പരോക്ഷമായാണ് ചര്‍ച്ച ചെയ്യുന്നത്.
അഞ്ചാഴ്ച നീണ്ട ആക്രമണത്തിനു ശേഷം ആഗസ്ത് 11 മുതല്‍ വെടിനിര്‍ത്തല്‍ ഏറെക്കുറെ നിലനില്‍ക്കുന്നുണ്ട്. ജൂലൈ എട്ടിന് ഇസ്രയേല്‍ ആരംഭിച്ച ആക്രമണത്തില്‍ 2000-ത്തോളം പലസ്തീന്‍കാരും 67 ഇസ്രയേല്‍കാരും കൊല്ലപ്പെട്ടു. പലസ്തീന്‍കാരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണെന്ന് യു.എന്‍ അടക്കമുള്ള സംഘടനകള്‍ പറയുന്നു. ഒരു മാസം നീണ്ട രൂക്ഷമായ ആക്രമണത്തില്‍ ഗാസയില്‍ 4.25 ലക്ഷത്തോളം പേര്‍ ഭവനരഹിതരായതായും യു.എന്‍ അറിയിക്കുന്നു. 18 ലക്ഷമാണ് ഗാസയിലെ ആകെ ജനസംഖ്യ.