ഗാസയില്‍ വെടിനിര്‍ത്തല്‍ അഞ്ച് ദിവസം കൂടി നീട്ടാന്‍ പലസ്തീന് സംഘടനകളും ഇസ്രയേലും ബുധനാഴ്ച സമ്മതിച്ചു. ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ കൈറോവില്‍ നടന്ന ചര്‍ച്ചകളിലാണ് തീരുമാനം. നേരത്തെ പ്രഖ്യാപിച്ച മൂന്ന്‍ ദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിട്ടാണ് പ്രഖ്യാപനം ഉണ്ടായത്.
വെടിനിര്‍ത്തലിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലാത്ത ഇസ്രയേല്‍ വ്യാഴാഴ്ച രാവിലെ ഗാസയില്‍ ബോംബാക്രമണം നടത്തി. നേരത്തെ പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ ഹമാസ് ലംഘിച്ചതിന് പകരമാണ് ആക്രമണമെന്ന് ഇസ്രയേല്‍ സേന പറയുന്നു. ബുധനാഴ്ച രണ്ട് തവണ ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയതായി ഇസ്രയേല്‍ കുറ്റപ്പെടുത്തി.
ഗാസയിലെ സംഘര്‍ഷത്തിന് പരിഹാരം തേടിയുള്ള സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനായാണ് വെടിനിര്‍ത്തല്‍ നീട്ടിയിരിക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി ഇസ്രയേലും ഈജിപ്തും ഗാസയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിക്കണമെന്നാണ് ഗാസയില്‍ നിയന്ത്രണമുള്ള പലസ്തീന്‍ രാഷ്ട്രീയ-സൈനിക സംഘടന ഹമാസ് ആവശ്യപ്പെടുന്നത്. ഹമാസ് നിരായുധീകരണത്തിന് വിധേയമാകണമെന്ന് ഇസ്രയേലും ആവശ്യപ്പെടുന്നു. പരസ്പരം രാഷ്ട്രീയമായി അംഗീകരിക്കാത്ത ഇരു വിഭാഗങ്ങളും ഈജിപ്ത് പ്രതിനിധികള്‍ മുഖേന പരോക്ഷമായാണ് ചര്‍ച്ച ചെയ്യുന്നത്.
ജൂലൈ എട്ടിന് ഇസ്രയേല്‍ ആരംഭിച്ച ആക്രമണത്തില്‍ 1945 പലസ്തീന്‍കാരും 67 ഇസ്രയേല്‍കാരും കൊല്ലപ്പെട്ടു. പലസ്തീന്‍കാരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണെന്ന് യു.എന്‍ അടക്കമുള്ള സംഘടനകള്‍ പറയുന്നു. ഒരു മാസം നീണ്ട രൂക്ഷമായ ആക്രമണത്തില്‍ ഗാസയില്‍ 4.25 ലക്ഷത്തോളം പേര്‍ ഭവനരഹിതരായതായും യു.എന്‍ അറിയിക്കുന്നു. 18 ലക്ഷമാണ് ഗാസയിലെ ആകെ ജനസംഖ്യ.