ഗാസയിലെ പരസ്പരാക്രമണങ്ങള്‍ 72 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെക്കാന്‍ ഇസ്രയേലും പലസ്തീന്‍ സംഘങ്ങളും തമ്മില്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഞായറാഴ്ച ധാരണയായി. ഇതോടെ ഒരു മാസം നീണ്ട പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള സാധ്യത കൂടിയിട്ടുണ്ട്. നേരത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച അവസാനിച്ചതോടെ ഇരുവിഭാഗങ്ങളും ആക്രമണം പുനരാരംഭിച്ചിരുന്നു.
മുന്നുപാധികളില്ലാതെ സംഭാഷണത്തിന് തയ്യാറാണെന്ന്‍ ഇസ്രയേല്‍ സമ്മതിച്ചതിനാല്‍ ഗാസയിലെ വിവിധ സായുധ സംഘങ്ങള്‍ വെടിനിര്‍ത്തലിന് സമ്മതിക്കുന്നതായി ഹമാസ് വക്താവ് ഇസ്സത് അല്‍-റെഷിഖ് പറഞ്ഞു. വെടിനിര്‍ത്തല്‍ ഹമാസ് പാലിക്കുകയാണെങ്കില്‍ തിങ്കളാഴ്ച പ്രതിനിധികളെ ചര്‍ച്ചയ്ക്കായി ഈജിപ്തിന്റെ തലസ്ഥാനമായ കൈറോവിലേക്ക് അയക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു.
വെള്ളിയാഴ്ച ഹമാസ് ആക്രമണം പുനരാരംഭിച്ചതോടെ പ്രതിനിധികളെ ഇസ്രയേല്‍ തിരിച്ചുവിളിച്ചിരുന്നു. ആക്രമണം നടക്കുമ്പോള്‍ ചര്‍ച്ച ചെയ്യാന്‍ ഇസ്രയേല്‍ തയ്യാറല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യാഹു ഞായറാഴ്ച പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച പ്രഖ്യാപിച്ച മൂന്ന്‍ ദിവസത്തെ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ചയ്ക്ക് ശേഷവും നീട്ടാന്‍ തയ്യാറാണെന്ന്‍ ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തങ്ങളോട് ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമാണ് പ്രഖ്യാപനമെന്ന് അറിയിച്ച ഹമാസ് ആക്രമണം തുടരുകയും ഇസ്രയേല്‍ പ്രത്യാക്രമണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
കഴിഞ്ഞ മൂന്ന്‍ ദിവസങ്ങളിലെ ആക്രമണം മുന്‍പത്തെ പോലെ രൂക്ഷമായിരുന്നില്ലെങ്കിലും 16 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു മാസം നീണ്ട ആക്രമണത്തില്‍ ഏകദേശം 1,900 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. ഇസ്രായേലിന്റെ 64 സൈനികരും മൂന്ന്‍ സാധാരണക്കാരും കൊല്ലപ്പെട്ടു.
ജൂലൈ എട്ടിന് ഇസ്രയേല്‍ ആരംഭിച്ച ആക്രമണത്തിന് പ്രകടമായ അയവ് വന്നത് ചൊവ്വാഴ്ച വെടിനിര്‍ത്തലിന് ധാരണയായതോടെയാണ്. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന തുടര്‍ച്ചയായ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ ധാരണയായത്. ഇരുകൂട്ടരും തമ്മില്‍ ഈജിപ്ത് പ്രതിനിധികള്‍ പ്രത്യേകം ചര്‍ച്ചയാണ് നടത്തുന്നത്. ഇസ്രയേല്‍ രാഷ്ട്രത്തെ ഹമാസ് അംഗീകരിക്കുന്നില്ല. ഹമാസിനെ തീവ്രവാദ സംഘടനയായാണ് ഇസ്രയേല്‍ പരിഗണിക്കുന്നത്.