ഇസ്രയേലും പലസ്തീന്‍ സംഘടനകളും തമ്മില്‍ അംഗീകരിച്ച മൂന്ന്‍ ദിവസത്തെ വെടിനിര്‍ത്തലിന്റെ കാലാവധി വെള്ളിയാഴ്ച കാലത്ത് എട്ടു മണിക്ക് (ഇന്ത്യന്‍ സമയം 10.30ന്) അവസാനിച്ചു. വെടിനിര്‍ത്തല്‍ തുടരുന്നതിനായി ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കൈറോവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇതുവരെ തീരുമാനമൊന്നുമില്ല.
അതേസമയം, വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ചതിന് പിന്നാലെ പലസ്തീന്‍ സംഘടന ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയതായി ഇസ്രയേല്‍ സേന പറഞ്ഞു. തെക്കന്‍ ഇസ്രയേലിലേക്ക് ഹമാസ് 18 റോക്കറ്റുകള്‍ എങ്കിലും വിക്ഷേപിച്ചതായും ഗാസയിലേക്ക് പ്രത്യാക്രമണം നടത്തിയതായും സേന പറഞ്ഞു.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഹമാസിന്റെ തുരങ്കങ്ങള്‍ തകര്‍ക്കുകയെന്ന ആക്രമണത്തിന്റെ ലക്ഷ്യം നേടിയതായും ഇസ്രയേല്‍ സേന പ്രഖ്യാപിച്ചിരുന്നു.
മധ്യസ്ഥ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ നീട്ടുന്നതിന് ഹമാസ് മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും ഇസ്രയേല്‍ നിരാകരിച്ചതായും അതിനാല്‍ വെടിനിര്‍ത്തല്‍ നീട്ടില്ലെന്നും ഹമാസ് വക്താവ് അറിയിച്ചിട്ടുണ്ട്. ഗാസയുടെ അതിര്‍ത്തികള്‍ തുറക്കണമെന്ന ആവശ്യം തത്വത്തില്‍ പോലും അംഗീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറായില്ലെന്ന് വക്താവ് പറഞ്ഞു. ഇസ്രയേലും ഈജിപ്തും എട്ടുവര്‍ഷമായി ഗാസയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ഇസ്രയേല്‍ തടവിലാക്കിയവരെ വിട്ടുനല്‍കണമെന്നുമായിരുന്നു ഹമാസിന്റെ പ്രധാന നിബന്ധനകള്‍. ഹമാസ് നിരായുധീകരണത്തില്‍ ഏര്‍പ്പെടണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം.
ജൂലൈ എട്ടിന് ഇസ്രയേല്‍ ആരംഭിച്ച ഓപ്പറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന ആക്രമണത്തില്‍ 1,865 പലസ്തീന്‍കാരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇവരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണെന്ന് യു.എന്‍ അടക്കമുള്ള സംഘടനകള്‍ പറയുന്നു. 18 ലക്ഷം വരുന്ന ഗാസയിലെ ജനസംഖ്യയില്‍ അഞ്ച് ലക്ഷത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ട്. യു.എന്‍ കേന്ദ്രങ്ങളില്‍ അഭയം തേടിയവര്‍ വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ തുടങ്ങിയിട്ടുണ്ട്.
ഇസ്രായേല്‍ ഭാഗത്ത് 64 സൈനികരും മൂന്ന്‍ സാധാരണക്കാരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുന്‍പ് ഗാസയില്‍ നിന്ന്‍ ഇസ്രയേല്‍ കരസേനയെ പിന്‍വലിച്ചിരുന്നു. കരയാക്രമണം തുടങ്ങിയതോടെയാണ് ഇസ്രായേല്‍ സൈന്യത്തിന് ആള്‍നാശം നേരിടേണ്ടി വന്നത്. 2006-ലെ ലെബനന്‍ ആക്രമണത്തിന് ശേഷം ഇസ്രായേലിന് ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടപ്പെട്ട ആക്രമണമാണിത്.