ഗാസയില്‍ ഇസ്രയേലും പലസ്തീന്‍ സായുധ സംഘടനകളും തമ്മില്‍ പ്രഖ്യാപിച്ചിരിക്കുന്ന വെടിനിര്‍ത്തല്‍ നീട്ടുന്നതിനായി കൈറോവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വെള്ളിയാഴ്ച അവസാനിക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഹമാസും മറ്റ് സംഘടനകളും ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ചയാണ് മൂന്ന്‍ ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇരു കൂട്ടരും സമ്മതിച്ചത്.
ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇസ്രയേലില്‍ നിന്നും പലസ്തീനില്‍ നിന്നുമുള്ള സംഘങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഒരു മാസമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ സംഘങ്ങള്‍ തമ്മില്‍ നേരിട്ടല്ല ചര്‍ച്ചകള്‍. ഇസ്രയേലും ഈജിപ്തും ഗാസയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ഇസ്രയേല്‍ തടവിലാക്കിയവരെ വിട്ടുനല്‍കണമെന്നുമുള്ള നിബന്ധനകള്‍ ഹമാസ് ഉയര്‍ത്തിയിട്ടുണ്ട്.
ജൂലൈ എട്ടിന് ഇസ്രയേല്‍ ആരംഭിച്ച ഓപ്പറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന ആക്രമണത്തില്‍ 1,847 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണെന്ന് യു.എന്‍ അടക്കമുള്ള സംഘടനകള്‍ പറയുന്നു. അഞ്ച് ലക്ഷത്തോളം പേര്‍ ഗാസയില്‍ ഭവനരഹിതരായിട്ടുണ്ട്. യു.എന്‍ കേന്ദ്രങ്ങളില്‍ അഭയം തേടിയവര്‍ വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ തുടങ്ങിയിട്ടുണ്ട്.
ഹമാസിന്റെ തുരങ്കങ്ങള്‍ തകര്‍ക്കുകയെന്ന ആക്രമണത്തിന്റെ ലക്ഷ്യം നേടിയതായി ഇസ്രയേല്‍ സേന പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേല്‍ ഭാഗത്ത് 64 സൈനികരും മൂന്ന്‍ സാധാരണക്കാരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുന്‍പ് ഗാസയില്‍ നിന്ന്‍ ഇസ്രയേല്‍ കരസേനയെ പിന്‍വലിച്ചിരുന്നു. കരയാക്രമണം തുടങ്ങിയതോടെയാണ് ഇസ്രായേല്‍ സൈന്യത്തിന് ആള്‍നാശം നേരിടേണ്ടി വന്നത്.