ഗാസയില്‍ ഇസ്രയേലും പലസ്തീന്‍ സായുധ വിഭാഗങ്ങളും തമ്മില്‍ 72 മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കൈറോവില്‍ നടന്ന ചര്‍ച്ചകളിലാണ് ചൊവ്വാഴ്ച ഇന്ത്യന്‍ സമയം 10.30നു വെടിനിര്‍ത്തല്‍ ആരംഭിക്കാന്‍ ധാരണയായത്. നാല് ആഴ്ച പൂര്‍ത്തിയാക്കിയ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ കൈറോവില്‍ തുടരും.
വെടിനിര്‍ത്തലിന് തൊട്ടുമുന്‍പ് രണ്ടിടങ്ങളില്‍ പരസ്പര ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ആക്രമണം നിലച്ചിട്ടുണ്ട്. വെടിനിര്‍ത്തലിന്റെ ഭാഗമായി ഗാസയില്‍ നിന്ന്‍ കരസേനയെ പിന്‍വലിക്കാമെന്ന് ഇസ്രയേല്‍ സമ്മതിച്ചിരുന്നു.
ഇരുവിഭാഗങ്ങള്‍ക്കിടയില്‍ യു.എന്‍ അഭ്യര്‍ഥന പ്രകാരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍പ് പലതവണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന്‍ ദിവസത്തെ വെടിനിര്‍ത്തല്‍ എല്ലാവരും പാലിക്കുമെന്നതിന് ശക്തമായ സൂചനകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഈജിപ്ത് വിദേശകാര്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ സമയത്ത് തങ്ങളുടെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിക്കാനും ഭക്ഷണം സംഭരിക്കാനും ശ്രമിക്കുമെന്ന് യു.എന്‍ അറിയിച്ചു. യുദ്ധത്തില്‍ ഗാസയിലെ അഞ്ച് ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായിട്ടുണ്ട്. ഇവരില്‍ 2.7 ലക്ഷം പേര്‍ യു.എന്‍ കേന്ദ്രങ്ങളിലാണ് കഴിയുന്നത്.
ഓപ്പറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന പേരില്‍ ജൂലൈ എട്ടിന് ഇസ്രയേല്‍ ആരംഭിച്ച ആരംഭിച്ച ആക്രമണത്തില്‍ 1,834 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. ഇസ്രയേലിന്റെ 64 സൈനികരും മൂന്ന്‍ സാധാരണക്കാരും യുദ്ധത്തില്‍ കൊല്ലപ്പെട്ടു.