ഗാസയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തിങ്കളാഴ്ച എഴു മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തുമെന്ന് ഇസ്രയേല്‍. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയിലെ ഒരു വിമതസംഘടനയുടെ നേതാവ് കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസിന്റെ സഖ്യകക്ഷിയായ ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയുടെ കമാന്‍ഡര്‍ ദാനിയല്‍ മന്‍സൂര്‍ തിങ്കളാഴ്ച പ്രഭാതത്തിന് തൊട്ടുമുന്‍പ് വടക്കന്‍ ഗാസയിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
പ്രാദേശിക സമയം രാവിലെ എഴുമണിയ്ക്ക് വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്നാണ് ഇസ്രയേല്‍ സേന അറിയിച്ചിട്ടുള്ളത്. ആക്രമണങ്ങള്‍ നടക്കുന്ന റാഫ നഗരത്തിന്റെ കിഴക്ക് ഭാഗത്ത് വെടിനിര്‍ത്തല്‍ ബാധകമായിരിക്കില്ലെന്നും ഇസ്രയേല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഹമാസ് അടക്കമുള്ള ഗാസയിലെ സംഘടനകള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. ലോകശ്രദ്ധ വഴിതിരിച്ചുവിടാനുള്ള ഇസ്രായേലിന്റെ ശ്രമമാണ് വെടിനിര്‍ത്തല്‍ പ്രഖ്യപനങ്ങളെന്ന് ഈ സംഘടനകള്‍ കരുതുന്നു. പ്രഖ്യാപനം ഏകപക്ഷീയമാണെന്നും ഗാസയിലെ ജനങ്ങള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണമെന്നും ഹമാസ് വക്താവ് ആവശ്യപ്പെട്ടു. മധ്യസ്ഥശ്രമം നടത്തുന്ന ഈജിപ്തുമായി പലസ്തീന്‍ സംഘങ്ങള്‍ കൈറോവില്‍ ചര്‍ച്ച നടത്തുന്നുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി കരയാക്രമണങ്ങള്‍ കുറച്ച ഇസ്രയേല്‍ ആകാശത്ത് നിന്നും കടലില്‍ നിന്നും പീരങ്കി ഉപയോഗിച്ചുമുള്ള ഷെല്ലാക്രമണങ്ങള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ജൂലൈ എട്ടിന് ആരംഭിച്ച യുദ്ധം നാല് ആഴ്ച കടക്കുമ്പോള്‍ ഇതുവരെ ചുരുങ്ങിയത് 1830 പലസ്തീന്‍കാര്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ നാലില്‍ മൂന്നും കുട്ടികള്‍ അടക്കമുള്ള സാധാരണക്കാരരാണെന്ന് യു.എന്‍ പറയുന്നു. ജൂലൈ 17-ന് കരയാക്രമണം തുടങ്ങിയ ശേഷം 64 ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടു.
തെക്കന്‍ ഗാസയിലെ റാഫ നഗരത്തില്‍ അഭയാര്‍ഥി കേന്ദ്രമായി മാറ്റിയ ഒരു യു.എന്‍ സ്കൂളിന് നേരെ ഞായറാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണം ലോകവ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഒരു യു.എന്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ട ആക്രമണം ധാര്‍മിക അതിക്രമവും ക്രിമിനല്‍ നടപടിയുമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. പൊതുവേ ഇസ്രയേല്‍ അനുകൂല നിലപാടെടുക്കുന്ന യു.എസ് വിദേശകാര്യ മന്ത്രാലയവും പതിവില്‍ നിന്ന്‍ മാറി ശക്തമായ ഭാഷയില്‍ ആക്രമണത്തെ അപലപിച്ചു. 3000-ത്തിലേറെ പേരാണ് ഈ സ്കൂളില്‍ അഭയം തേടിയിരുന്നത്.
ഈ യുദ്ധത്തില്‍ ഇതുവരെ ഏഴുതവണ യു.എന്‍ സ്കൂളുകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടന്നിട്ടുണ്ട്. യുദ്ധം ആരംഭിച്ചതോടെ ഭവനരഹിതരായ അഞ്ച് ലക്ഷത്തോളം പലസ്തീന്‍കാരില്‍ 2.4 ലക്ഷവും യു.എന്‍ കേന്ദ്രങ്ങളിലാണ് കഴിയുന്നത്.