ഗാസ ചിന്തില്‍ വെള്ളിയാഴ്ച മുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് നിരുപാധിക വെടിനിര്‍ത്തലിന് ഇസ്രയേലും പലസ്തീന്‍ സംഘടന ഹമാസും സമ്മതിച്ചതായി ഐക്യരാഷ്ട്രസഭയും യു.എസും അറിയിച്ചു. വെടിനിര്‍ത്തല്‍ ആഗസ്ത് ഒന്ന്‍ വെള്ളിയാഴ്ച പ്രാദേശിക സമയം കാലത്ത് എട്ടുമണിയ്ക്ക് (ഇന്ത്യന്‍ സമയം കാലത്ത് 10.30) നിലവില്‍ വരുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ഗാസയിലെ ജനങ്ങള്‍ക്ക് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ ലഭ്യമാക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കൈറോവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സ്ഥിരം വെടിനിര്‍ത്തലിന്റെ സാധ്യത ഇസ്രയേന്റേയും പലസ്തീന്റേയും പ്രതിനിധികള്‍ ആരായുമെന്നും ഇരു നേതാക്കളും പറഞ്ഞു.
ഹമാസ് പ്രതിനിധിയും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂലൈ എട്ടിന് ഇസ്രയേല്‍ സൈന്യം ആരംഭിച്ച ഓപ്പറേഷന്‍ പ്രോട്ടക്ടീവ് എഡ്ജില്‍ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് 1,437 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 8,265 കടന്നു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ബഹുഭൂരിപക്ഷവും കുട്ടികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ്.