ഇസ്രയേലും പലസ്തീന്‍ സംഘടന ഹമാസും തമ്മില്‍ വെള്ളിയാഴ്ച ആരംഭിച്ച വെടിനിര്‍ത്തല്‍ ഏതാനും മണിക്കൂറുകള്‍ക്കകം തകര്‍ന്നു. വെടിനിര്‍ത്തല്‍ ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തെക്കന്‍ ഗാസയിലെ റാഫ നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 27 പലസ്തീന്‍കാരെങ്കിലും കൊല്ലപ്പെട്ടു. ഹമാസ് ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം പുനരാരംഭിച്ചിട്ടുണ്ട്.
ഹമാസാണ് വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് ആരോപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച വിശദീകരണം നല്‍കാന്‍ ഇസ്രയേല്‍ തയ്യാറായില്ല. വെടിനിര്‍ത്തല്‍ അവസാനിച്ചതായും സൈന്യം ഗാസയില്‍ ആക്രമണം പുനരാരംഭിച്ചതായും ഇസ്രയേല്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസ ചിന്തില്‍ വെള്ളിയാഴ്ച മുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് നിരുപാധിക വെടിനിര്‍ത്തലിന് ഇസ്രയേലും പലസ്തീന്‍ സംഘടന ഹമാസും സമ്മതിച്ചതായി വ്യാഴാഴ്ച ഐക്യരാഷ്ട്രസഭയും യു.എസും അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ ആഗസ്ത് ഒന്ന്‍ വെള്ളിയാഴ്ച പ്രാദേശിക സമയം കാലത്ത് എട്ടുമണിയ്ക്ക് (ഇന്ത്യന്‍ സമയം കാലത്ത് 10.30) നിലവില്‍ വരുമെന്നായിരുന്നു യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്രയേന്റേയും പലസ്തീന്റേയും പ്രതിനിധികള്‍ കൈറോവില്‍ സ്ഥിരം വെടിനിര്‍ത്തലിന്റെ സാധ്യത ആരായുമെന്നും ഇരു നേതാക്കളും അറിയിച്ചിരുന്നു. ഈ ചര്‍ച്ചകള്‍ ഇനി നടക്കുമോ എന്ന് വ്യക്തമല്ല.
ജൂലൈ എട്ടിന് ഇസ്രയേല്‍ സൈന്യം ആരംഭിച്ച ഓപ്പറേഷന്‍ പ്രോട്ടക്ടീവ് എഡ്ജ് 24 ദിവസം പിന്നിട്ടപ്പോള്‍ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് 1,437 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 8,265 കടന്നു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ബഹുഭൂരിപക്ഷവും കുട്ടികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ്. ഇസ്രയേലിന്റെ 61 സൈനികരും മൂന്ന്‍ സാധാരണക്കാരും കൊല്ലപ്പെട്ടു.