പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ലിയു.എ) സ്കൂളിന് നേരെ ഇസ്രയേല്‍ നടത്തുന്ന ഷെല്ലാക്രമണത്തില്‍ ചുരുങ്ങിയത് 20 പേരെങ്കിലും കൊല്ലപ്പെട്ടതായി കരുതുന്നു. ജബലിയ അഭയാര്‍ഥി കേന്ദ്രത്തിലെ പെണ്‍കുട്ടികളുടെ സ്കൂളാണ് ആക്രമിക്കപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ 5.30-ന് (ഇന്ത്യന്‍ സമയം എട്ടുമണി) ആയിരുന്നു ആക്രമണം.
ആക്രമണം സ്ഥിരീകരിച്ച യു.എന്‍ അധികൃതര്‍ രണ്ട് ക്ലാസ് മുറികളും കുളിമുറിയും തകര്‍ന്നതായി അറിയിച്ചു. ഗാസയില്‍ ചൊവ്വാഴ്ച രാത്രി ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണങ്ങളില്‍ 43 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ മനുഷ്യാവകാശ സംഘടനകള്‍ ചൊവ്വാഴ്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗാസയില്‍ 240-ല്‍ അധികം കുട്ടികള്‍ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചിരുന്നു. ബുധനാഴ്ച കാലത്ത് നടന്ന സ്കൂള്‍ ആക്രമണം ഉള്‍പ്പെടാതെയാണിത്. ആകെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ 30 ശതമാനത്തോളം വരുമിത്. ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയും യുദ്ധത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന ദുരന്തങ്ങളെ ഓര്‍ത്ത് യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു.
അതേസമയം, താല്‍ക്കാലിക ദുരിതാശ്വാസ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി വിവിധ പലസ്തീന്‍ വിഭാഗങ്ങള്‍ ബുധനാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കുന്ന ഈജിപ്തിന്റെ തലസ്ഥാനമായ കൈറോവിലാണ് ചര്‍ച്ചകള്‍. ഇസ്രയേലിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന ഗാസയിലെ രാഷ്ട്രീയ-സൈനിക സംഘടന ഹമാസില്‍ നിന്ന്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തലിനുള്ള സമ്മതം ലഭിച്ചതായി പലസ്തീന്‍ വിമോചന സംഘടന (പി.എല്‍.ഒ) അറിയിച്ചു. വെസ്റ്റ് ബാങ്കിലെ രാഷ്ട്രീയ ശക്തിയായ പി.എല്‍.ഒ ഈയിടെ ഹമാസുമായി ചേര്‍ന്ന്‍ ഒരു ഐക്യസര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.
എന്നാല്‍, വെടിനിര്‍ത്തല്‍ എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് പി.എല്‍.ഒ അറിയിച്ചിട്ടില്ല. ഇസ്രയേലും നിര്‍ദ്ദേശത്തോട് പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച പകല്‍ 12 മണിക്കൂര്‍ നേരം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ ഒഴിച്ചാല്‍ ഗാസയില്‍ സമാധാനം സ്ഥാപിക്കാന്‍ അന്താരാഷ്‌ട്ര സമൂഹം നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇസ്രയേല്‍ നടത്തിയ കനത്ത ഷെല്ലാക്രമണങ്ങളില്‍ നൂറുകണക്കിന് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ജൂലൈ എട്ടിന് ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ചൊവ്വാഴ്ച വരെ 1230-ന് അടുത്ത് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി യു.എന്‍ അറിയിച്ചു. ഇതില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. ഇസ്രായേലിന്റെ 53 സൈനികരും മൂന്ന്‍ സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.