Skip to main content
Ad Image
ജനീവ

navi pillayഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ നടന്നിരിക്കുന്ന കുറ്റങ്ങള്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി അന്വേഷിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഹമാസിനെ ലക്ഷ്യമിട്ട് ഗാസ ചീന്തില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ യുദ്ധക്കുറ്റങ്ങള്‍ നടന്നിരിക്കാമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ നവി പിള്ള നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആക്രമണം 16 ദിവസം പിന്നിട്ടപ്പോള്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 718 ആയി.

 

ജനീവയില്‍ ചേര്‍ന്ന മനുഷ്യാവകാശ സമിതിയുടെ അടിയന്തര യോഗത്തില്‍ സാധാരാണക്കാരെ ആക്രമണത്തില്‍ നിന്ന്‍ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ ഇസ്രയേല്‍ സ്വീകരിച്ചിട്ടില്ലെന്ന് നവി പിള്ള പറഞ്ഞു. വീടുകളും ആശുപത്രികളും ലക്ഷ്യമിട്ട് നടത്തുന്ന ഷെല്ലാക്രമണം ചൂണ്ടിക്കാട്ടിയ അവര്‍ അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനവും യുദ്ധക്കുറ്റങ്ങളും നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട സാധാരണക്കാരില്‍ ഒട്ടേറെ കുട്ടികളും ഉള്‍പ്പെടും. ഇസ്രായേലിന് നേരെ ഹമാസ് നടത്തുന്ന ‘വിവേചനരഹിതമായ’ ആക്രമണങ്ങളേയും പിള്ള അപലപിച്ചു.  

 

ജൂലൈ എട്ടിന് ആരംഭിച്ച ഗാസ ആക്രമണത്തില്‍ സ്വതന്ത്ര അന്താരാഷ്‌ട്ര അന്വേഷണം ആവശ്യപ്പെട്ട് യോഗത്തിനൊടുവില്‍ പലസ്തീന്‍ കൊണ്ടുവന്ന പ്രമേയത്തെ 47 അംഗരാഷ്ട്രങ്ങളില്‍ ഇന്ത്യയടക്കം 29 പേര്‍ പിന്താങ്ങി. യു.എസ് പ്രമേയത്തെ എതിര്‍ത്തപ്പോള്‍ ഏതാനും യൂറോപ്യന്‍ രാഷ്ട്രങ്ങളടക്കം 17 പേര്‍ വിട്ടുനിന്നു. ഈജിപ്ത്, പാകിസ്താന്‍, പലസ്തീന്‍ എന്നീ രാഷ്ട്രങ്ങളുടെ അഭ്യര്‍ഥന അനുസരിച്ചാണ് യോഗം വിളിച്ചത്. സമിതിയില്‍ പലസ്തീന് നിരീക്ഷക പദവിയുണ്ട്.

 

എന്നാല്‍, അന്വേഷണത്തോട് ഇസ്രയേല്‍ സഹകരിക്കാനുള്ള സാധ്യത കുറവാണ്. 2008-09ല്‍ ഇസ്രയേല്‍ നടത്തിയ ഗാസ ആക്രമണത്തെ കുറിച്ചന്വേഷിച്ച ഗോള്‍ഡ്‌സ്റ്റോണ്‍ കമ്മിറ്റി ഇസ്രയേല്‍ തള്ളിയിരുന്നു. അന്ന്‍ ഗാസയില്‍ 1,400 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും നവി പിള്ള ആവശ്യപ്പെട്ടു. ഉപരോധം അവസാനിപ്പിക്കാതെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചിരിക്കുന്നത്.   

 

ആക്രമണത്തില്‍ വ്യാഴാഴ്ച വരെയുള്ള 16 ദിവസത്തില്‍ 718 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും സാധാരണക്കാരാണ്. ഇതേ കാലയളവില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ രണ്ട് ഇസ്രായേലി സാധാരണക്കാരും കരയുദ്ധം ആരംഭിച്ചതിന് ശേഷം 32 ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടു.  

 

ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായി ബുധനാഴ്ച ഇസ്രായേലിലെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യാഹു, പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ ചര്‍ച്ചകള്‍ക്കായി കെറി ഈജിപ്ത് തലസ്ഥാനമായ കൈറോവിലേക്ക് മടങ്ങിയിട്ടുണ്ട്.  

Ad Image