ഗാസയിലെ സൈനിക സംഘര്‍ഷം പരിഹരിക്കുന്നതിന് ഈജിപ്ത് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോട് യോജിക്കുന്നതായി ഇസ്രയേല്‍. ചൊവ്വാഴ്ച പ്രാദേശിക സമയം ഒന്‍പത് മുതല്‍ നിര്‍ദ്ദേശിച്ച 12 മണിക്കൂര്‍ വെടിനിര്‍ത്തലിന് തൊട്ടുമുന്‍പാണ് ഇസ്രയേല്‍ മന്ത്രിസഭ തീരുമാനം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെല്‍ അവീവിലെ സേനാ കാര്യാലയത്തില്‍ വിളിച്ചുചേര്‍ത്ത സുരക്ഷാ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. വെടിനിര്‍ത്തല്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് ഇസ്രയേല്‍ അറിയിച്ചു.
എന്നാല്‍, ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്ന്‍ ഹമാസ് അറിയിച്ചു. ‘മുട്ടുകുത്തലിനും അടിയറവിനുമുള്ള’ നീക്കമാണിതെന്ന് കരുതുന്നതായും ഹമാസ് പ്രതികരിച്ചു. തങ്ങളുടെ ഭാഗത്ത് നിന്ന്‍ ആക്രമണം തീവ്രമാക്കുമെന്ന് ഹമാസ് പറഞ്ഞിട്ടുണ്ടെങ്കിലും ഒന്‍പത് മണിയോടെ ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളില്‍ കുറവ് വന്നിട്ടുണ്ട്.
തിങ്കളാഴ്ച ഗാസയിലെ 25 സ്ഥലങ്ങളില്‍ ബോംബാക്രണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു. ഇതോടെ ഒരാഴ്ച പിന്നിട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 182 കടന്നു. ഇതിലധികവും സാധാരണക്കാരാണ്. ഇസ്രായേലിലെ ആരും കൊല്ലപ്പെട്ടിട്ടില്ല.
ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ഒത്തുതീര്‍പ്പ് നിര്‍ദ്ദേശമനുസരിച്ച് പ്രാദേശിക സമയം ഒന്‍പതിന് 12 മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തി ഈ പന്ത്രണ്ട് മണിക്കൂറിന് ശേഷം പൂര്‍ണ്ണ വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്നുമാണ് നിര്‍ദ്ദേശം. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇസ്രായേലില്‍ നിന്നും പലസ്തീനില്‍ നിന്നുമുള്ള ഉന്നതതല സംഘം കൈറോവില്‍ ചര്‍ച്ച നടത്തുമെന്ന് ഈജിപ്ത് അറിയിച്ചു.