വെടിനിര്‍ത്തലിനുള്ള യു.എന്‍ ആഹ്വാനം വകവെക്കാതെ പലസ്തീന്‍ പ്രദേശമായ ഗാസയ്ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം ഏഴാം ദിവസവും രൂക്ഷമായി തുടരുന്നു. പലസ്തീന്‍ സംഘടന ഹമാസിന്റെ പ്രത്യാക്രമണവും ശക്തമാണ്. ഹമാസ് വിക്ഷേപിച്ച ഒരു ആളില്ലാവിമാനത്തെ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. അതേസമയം, ഗാസയില്‍ നിന്ന്‍ നൂറുകണക്കിന് പേര്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇസ്രായേലിന്റെ ഓപ്പറേഷന്‍ പ്രോട്ടക്ടീവ് എഡ്ജ് ആറു ദിവസം പിന്നിട്ടപ്പോള്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 172 ആയതായി പലസ്തീന്‍ അധികൃതര്‍ അറിയിക്കുന്നു. ഇതില്‍ 70 ശതമാനവും സാധാരണക്കാരാണ്. 1,100-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഇസ്രായേലി പോലും ഇതുവരെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല.
ഗാസയില്‍ നിന്നുള്ള 17,000-ത്തില്‍ അധികം പേര്‍ തങ്ങളുടെ വിവിധ കേന്ദ്രങ്ങളില്‍ അഭയം തേടിയതായി യു.എന്‍ അറിയിച്ചു. വടക്കന്‍ ഗാസയിലെ ബെയ്ത് ലഹിയയില്‍ ഇസ്രായേലിന്റെ നാവിക കമാന്‍ഡോകള്‍ ഞായറാഴ്ച കര വഴി ആക്രമണം തുടങ്ങിയതോടെയാണ് ആളുകള്‍ വീടൊഴിഞ്ഞു പോകാന്‍ തുടങ്ങിയത്.
ഞായറാഴ്ച ഗാസയില്‍ നിന്ന്‍ 130 റോക്കറ്റ് ആക്രമണം നടന്നതായും ഇതില്‍ 22 എണ്ണം തങ്ങളുടെ അയേണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം തടഞ്ഞതായും ഇസ്രയേല്‍ അറിയിച്ചു. ഹമാസിന്റെ ഒരു ആളില്ലാവിമാനം തിങ്കളാഴ്ച ആഷ്ദോദ് നഗരത്തിന് മുകളില്‍ വെച്ച് മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതായും ഇസ്രയേല്‍ സേന അറിയിച്ചു. ആഷ്ദോദില്‍ റോക്കറ്റില്‍ നിന്നുള്ള ചീള് തെറിച്ച് ഒരു ആണ്‍കുട്ടിയ്ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ സേന കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച കാലത്ത് ഗാസ നഗരത്തില്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ മൂന്ന്‍ പരിശീലന കേന്ദ്രങ്ങളും കെട്ടിടങ്ങളും തകര്‍ന്നതായി വാര്‍ത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ഗാസയിലേക്കുള്ള വൈദ്യുതി പ്രസരണ നിലയം തകര്‍ന്നതായി ഇസ്രയേല്‍ സേന പറഞ്ഞു. 70,000 പേര്‍ക്ക് ഇതുമൂലം വൈദ്യുതി മുടങ്ങുമെന്നും സേന അറിയിച്ചു.
2012 നവംബറിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഹമാസും പാലിക്കണമെന്ന് യു.എസ് രക്ഷാസമിതി ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു. യു.എസ്, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ പാശ്ചാത്യരാഷ്ട്രങ്ങള്‍ ഒത്തുതീര്‍പ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി തിങ്കളാഴ്ച ഇസ്രയേല്‍-പലസ്തീന്‍ അധികൃതരുമായി ചര്‍ച്ച നടത്തും. അറബ് ലീഗിലെ വിദേശകാര്യമന്ത്രിമാരും ഇന്ന്‍ ഈജിപ്ത് തലസ്ഥാനമായ കെയ്റോവില്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്.