പലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പിന് നേരെ ഇസ്രയേല്‍ സേനയുടെ വ്യോമാക്രമണത്തില്‍ ചൊവ്വാഴ്ച 28 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. മേഖലയിലെ സംഘര്‍ഷത്തില്‍ 2012-ന് ശേഷം ഒരു ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ട സംഭവമാണിത്. 150-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഭീകരവാദ സംഘടനയെന്ന്‍ ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിന് അറുതി വരുത്തുമെന്ന് പ്രഖ്യാപിച്ചാണ് ഓപ്പറേഷന്‍ പ്രോട്ടക്ടീവ് എഡ്ജ് എന്ന പേരില്‍ ഇസ്രയേല്‍ സേന ചൊവ്വാഴ്ച വ്യോമാക്രമണം തുടങ്ങിയത്. തെക്കന്‍ ഇസ്രായേലില്‍ ഗാസയില്‍ നിന്ന്‍ 40 കിലോമീറ്റര്‍ വരെയുള്ള പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകളും മറ്റും അടച്ചിട്ടുണ്ട്.
ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍ നിന്ന്‍ ഇസ്രായേലിന്റെ തെക്കന്‍ പ്രദേശങ്ങള്‍ക്ക് നേരെ കൈയ്യില്‍ പിടിക്കാവുന്ന റോക്കറ്റ് ഉപയോഗിച്ചുള്ള പ്രത്യാക്രമണവും രൂക്ഷമാണ്. കഴിഞ്ഞ ദിവസം ജെറുസലേം അടക്കമുള്ള പ്രദേശങ്ങളില്‍ 150 റോക്കറ്റുകള്‍ വീണതായി ഇസ്രയേല്‍ സേന പറഞ്ഞു.
ഇസ്രയേലും പലസ്തീനും തമ്മില്‍ യു.എസ് മധ്യസ്ഥതയില്‍ നടന്നുവന്ന സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ മേഖല തുടര്‍ച്ചയായി സംഘര്‍ഷ ബാധിതമാണ്. നേരത്തെ, വെസ്റ്റ് ബാങ്കില്‍ സ്വാധീനമുള്ള പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസിന്റെ ഫത്താ പാര്‍ട്ടിയും ഹമാസും ചേര്‍ന്ന്‍ പലസ്തീന്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചതിനെ ഇസ്രയേല്‍ ശക്തമായി എതിര്‍ത്തിരുന്നു.
കഴിഞ്ഞ ആഴ്ച മൂന്ന്‍ ഇസ്രായേലി ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തോടെയാണ് ഇസ്രയേല്‍ ആക്രമണം തുടങ്ങിയത്. സംഭവത്തിന് പിന്നില്‍ ഹമാസാണെന്ന് ഇസ്രയേല്‍ ആരോപണം സംഘടന നിഷേധിച്ചിട്ടുണ്ട്. കാണാതായവര്‍ക്കുള്ള അന്വേഷണത്തിനിടയില്‍ തന്നെ ഇസ്രയേല്‍ സേനയുടെ വെടിയേറ്റ് ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, പ്രതികാരമെന്നോണം ഒരു പലസ്തീന്‍ ചെറുപ്പക്കാരനെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്നതോടെ പ്രശ്നം വഷളാകുകയായിരുന്നു.