Skip to main content
റോം

exorcism

 

ബാധ ഒഴിപ്പിക്കലില്‍ ഏര്‍പ്പെടുന്ന പുരോഹിതരുടെ സംഘടനയ്ക്ക് കത്തോലിക്കാ സഭയുടെ ഔദ്യോഗിക അംഗീകാരം. വത്തിക്കാന്റെ മുഖപത്രമായ ലൊസര്‍വാത്തോരേ റൊമാനോയാണ് ബുധനാഴ്ച അന്താരാഷ്ട്ര പ്രേതോച്ചാടക സംഘടന (ഐ.എ.ഇ)യ്ക്ക് വത്തിക്കാന്‍ ജൂണ്‍ 13-ന് കത്തോലിക്കാ മതനിയമ പ്രകാരം അംഗീകാരം നല്‍കിയതായി അറിയിച്ചിട്ടുള്ളത്.

 

പിശാച് യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കുന്ന ഒരാളായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കരുതപ്പെടുന്നത്. അതേസമയം, ബാധയൊഴിപ്പിക്കല്‍ ചടങ്ങുകളുടെ സ്വാധീനത്തെ കുറിച്ച് കത്തോലിക്കാ സഭയില്‍ ഏകാഭിപ്രായമല്ല ഉള്ളത്.

 

ഗബ്രിയേല്‍ അമോര്‍ത്ത് എന്ന പുരോഹിതന്‍ 1991-ല്‍ സ്ഥാപിച്ച ഐ.എ.ഇയില്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള 250-ഓളം റോമന്‍ കത്തോലിക്കാ പുരോഹിതര്‍ അംഗങ്ങളാണ്. കഴിഞ്ഞ മൂന്ന്‍ പതിറ്റാണ്ടുകളില്‍ ഒന്നര ലക്ഷത്തിലധികം ദുര്‍ബാധകളെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് 88-കാരനായ അമോര്‍ത്ത് അവകാശപ്പെടുന്നത്. ഗൂഡശക്തികള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ജനകീയ സംസ്കാരത്തിലേക്ക് നുഴഞ്ഞുകയറിയിരിക്കുന്നതായും നിരുപദ്രവകരമെന്ന് കരുതപ്പെടുന്ന യോഗ, ഹാരി പോട്ടര്‍ എന്നിങ്ങനെയുള്ള പ്രതിഭാസങ്ങളും സാത്താന്‍ ആരാധനയിലേക്ക് വഴിതുറക്കാമെന്നും അമോര്‍ത്ത് കരുതുന്നു.

 

ഫ്രാന്‍സിസ് മാര്‍പാപ്പ സ്വയം ഒരു പ്രേതോച്ചാടകനാണെന്ന് കരുതപ്പെടുന്നുണ്ട്. നേരത്തെ, സെന്റ്‌: പീറ്റേഴ്സ് ചത്വരത്തില്‍ വെച്ച് എയ്ഞ്ചല്‍ എന്ന ശരീരം തളര്‍ന്ന മെക്സിക്കന്‍ സ്വദേശിയുടെ മേല്‍ പ്രേതോച്ചാടകരുടെ രീതിയില്‍ കൈവച്ച് പാപ്പ പ്രാര്‍ത്ഥന ചൊല്ലിയിരുന്നു. എന്നാല്‍, പ്രേതങ്ങള്‍ തിരിച്ചുവന്നതായി ഈ വ്യക്തി പിന്നീട് അവകാശപ്പെട്ടു. മാര്‍പാപ്പ പ്രേതോച്ചാടന ചടങ്ങ് എന്ന്‍ ഉദ്ദേശിച്ചല്ല പ്രാര്‍ത്ഥന ചൊല്ലിയതെന്ന വിശദീകരണമാണ് വത്തിക്കാന്‍ സംഭവത്തില്‍ നല്‍കിയത്.

 

എന്നാല്‍, ഈ സംഭവത്തിന്റെ നിജസ്ഥിതി എന്തായാലും പിശാചിനെ കുറിച്ച് പരസ്യമായി പലപ്പോഴും മാര്‍പാപ്പ സംസാരിച്ചിട്ടുണ്ട്. പാപ്പയുടെ സ്വകാര്യ സംഭാഷണങ്ങളില്‍ മിക്കപ്പോഴും വിഷയം കടന്നുവരുന്നതായും വത്തിക്കാന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ആധുനിക ആശയവിനിമയ സങ്കേതങ്ങളിലൂടെ ജനകീയ പാപ്പ എന്ന് വിശേഷണം നേടിയിട്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്പോഴും മൌലികവാദപരമെന്നും പുരോഗമനപരമെന്നും വിശേഷിപ്പിക്കാവുന്ന സമീപനങ്ങളുടെ മദ്ധ്യേ ആണ് നിലകൊള്ളുന്നത്. എന്നാല്‍, പിശാചിനെ ആത്മാവിനെ ബാധിക്കുന്ന ബാധ എന്നതിനെക്കാളേറെ അമൂര്‍ത്തമായ ഒരു ആശയമായാണ് ആധുനിക കത്തോലിക്കാ പുരോഹിതര്‍ പൊതുവേ വിശേഷിപ്പിക്കുക.

 

മാനസിക ചികിത്സയും മരുന്നും ആവശ്യമുള്ളവരെ ഈ തീരുമാനം എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് ആശങ്കകള്‍ ഉയരുന്നുണ്ട്. ചിലപ്പോള്‍, താരതമ്യേന ലഘുവായ മാനസിക പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഇത് പ്ലാസിബോ പ്രഭാവം സൃഷ്ടിക്കുകയും രോഗത്തിന് ആശ്വാസം നല്‍കുകയും ചെയ്യാറുണ്ടെങ്കിലും മാനസിക രോഗങ്ങള്‍ക്ക് ആദ്യ ചികിത്സയായി ബാധയൊഴിപ്പിക്കല്‍ ഉപയോഗിക്കരുതെന്ന് കത്തോലിക്കാ പുരോഹിതര്‍ക്ക് നിര്‍ദ്ദേശമുണ്ട്. സാമ്പ്രദായിക ചികിത്സാ രീതികള്‍ ഫലിക്കാതെ വരുമ്പോള്‍ മാത്രമേ രോഗികളെ പ്രേതോച്ചാടകരുടെ പക്കലേക്ക് അയക്കാറുള്ളൂ.