മൂന്ന്‍ ഇസ്രായേലി കൗമാരക്കാരുടെ കൊലപാതകത്തെ തുടര്‍ന്ന്‍ പലസ്തീന്‍ പ്രദേശമായ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ ശക്തമാക്കി. ഗാസയില്‍ സ്വാധീനമുള്ള സംഘടന ഹമാസ് ആണ് മൂന്നുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യാഹു ആരോപിച്ചിട്ടുണ്ട്. എന്നാല്‍, ഹമാസ് ആരോപണം നിഷേധിച്ചു.
ജൂണ്‍ പകുതിയോടെ ഈ മൂന്ന്‍ പേരെ കാണാതായത് ഇസ്രയേലും പലസ്തീനും തമ്മിലുള്ള ബന്ധത്തെ വഷളാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ മേഖല ഒരു സായുധ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. ഹമാസ് മറുപടി പറയേണ്ടി വരുമെന്ന്‍ നെതാന്യാഹുവും ഗാസയുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കാനാണ് നെതാന്യാഹു ശ്രമിക്കുന്നതെങ്കില്‍ അത് ‘നരകവാതിലുകള്‍ തുറക്കലാകുമെന്നു’ ഹമാസും പ്രസ്താവിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച നേരം പുലരുന്നത് വരെ ഇസ്രയേല്‍ ഗാസയില്‍ 40 വ്യോമാക്രമണങ്ങള്‍ നടത്തിയതായി പലസ്തീന്‍ അധികൃതര്‍ അറിയിച്ചു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന്‍ ഇസ്രയേല്‍ സംശയിക്കുന്ന രണ്ട് പേരുടെ വീടുകളും ആക്രമണ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇവരെ കാണാതായതിന് ശേഷം ഇസ്രയേല്‍ നടത്തിയ വ്യാപകമായ തിരച്ചിലിന്റെ ഭാഗമായി ആറു പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
19 വയസ്സുള്ള ഒരാളും 16-കാരായ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. യു.എസ് പ്രസിഡന്റ് ബരാക് ഒബാമ, ഫ്രാന്‍സിസ് മാര്‍പാപ്പ, യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തുടങ്ങിയര്‍ കൊലപാതകത്തെ അപലിച്ചു.