പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് രാജ്യം വിടാന്‍ സിന്ധ് ഹൈക്കോടതിയുടെ അനുമതി. ബുധനാഴ്ച രാവിലെയാണ് കോടതി രാജ്യം വിടാന്‍ വിലക്കുള്ളവരുടെ പട്ടികയില്‍ നിന്ന് പര്‍വേസ് മുഷാറഫിന്റെ പേര് നീക്കം ചെയ്തത്. ജസ്റ്റിസ് മുഹമ്മദലി മസ്ഹര്‍, ജസ്റ്റിസ് ഷാനവാസ് തരീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ലിസ്റ്റില്‍ നിന്ന് പേര് നീക്കാനുള്ള മുഷാറഫിന്റെ ഹര്‍ജി പരിഗണിച്ചത്. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിന് 15 ദിവസത്തെ സാവകാശവും കോടതി അനുവദിച്ചിട്ടുണ്ട്.
രാജ്യദ്രോഹ കുറ്റത്തിന് വിചാരണ നേരിടുന്ന മുഷാറഫ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണ് തനിക്കെതിരെ നടക്കുന്നതെന്നാണ് മുഷാറഫിന്റെ വാദം. 2007-ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതുള്‍പ്പെടെ നിരവധി കുറ്റങ്ങളാണ് മുഷാറഫിനെതിരെ ഉള്ളത്. 2013 ഏപ്രില്‍ 5-നാണ് രാജ്യം വിടാന്‍ വിലക്കുള്ളവരുടെ ലിസ്റ്റില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ മുഷാറഫിന്‍റെ പേര് ഉള്‍പ്പെടുത്തിയത്.