Skip to main content
ടെല്‍ അവീവ്

reuven rivlin

 

ഇസ്രയേലില്‍ പുതിയ പ്രസിഡന്റായി റുവന്‍ റിവ്ലിന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രത്യേക പലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തെ എതിര്‍ക്കുകയും പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ കുടിയേറ്റത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ദേശീയവാദ രാഷ്ട്രീയ നേതാവാണ്‌ റിവ്ലിന്‍. പാര്‍ലിമെന്റായ നെസറ്റിലെ 120 അംഗങ്ങളാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

 

പാര്‍ലിമെന്ററി ജനാധിപത്യ രീതി പിന്തുടരുന്ന ഇസ്രയേലില്‍ പ്രസിഡന്റ് പദവിയ്ക്ക് ആചാരപരമായ പ്രാധാന്യമേ ഉള്ളൂവെങ്കിലും രാഷ്ട്രീയത്തിലും സമൂഹത്തിലും ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയും. പലസ്തീനുമായുള്ള സമാധാന സംഭാഷണങ്ങള്‍ വഴിമുട്ടി നില്‍ക്കുകയും പലസ്തീനില്‍ ഫത്താ-ഹമാസ് ഐക്യ സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് റിവ്ലിന്‍ പദവിയില്‍ എത്തുന്നത്.

 

ഭരണകക്ഷിയായ ലിക്കുദ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പാര്‍ലിമെന്റ് അംഗവുമാണ് 74-കാരനായ റിവ്ലിന്‍. അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നല്ല ബന്ധമല്ല അദ്ദേഹത്തിനുള്ളത്. റിവ്ലിന്റെ സ്ഥാനാര്‍ഥിത്വം തടയാന്‍ നെതന്യാഹു ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  

 

നോബല്‍ സമാധാന സമ്മാന ജേതാവ് ഷിമോണ്‍ പെരസിന്‍റെ പിന്‍ഗാമിയായി ജൂലൈ 24-നു റിവ്ലിന്‍ സ്ഥാനമേല്‍ക്കും എഴുവര്‍ഷമാണ് ഇസ്രയേലില്‍ പ്രസിഡന്റിന്റെ കാലാവധി.            

Tags