വത്തിക്കാനില്‍ ഞായാറാഴ്ച വൈകുന്നേരം നടന്ന സംയുക്ത സമാധാന പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പം പലസ്തീന്റേയും ഇസ്രായേലിന്റേയും പ്രസിഡന്റുമാര്‍ പങ്കെടുത്തു. ഇരുവരും ചേര്‍ന്ന്‍ സമാധാന പ്രതീകമായ ഒലിവു മരം നടുകയും ചെയ്തു. ഓര്‍ത്തോഡോക്സ് ക്രിസ്ത്യന്‍ സഭാ മേധാവിയായ കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമനും ചടങ്ങുകളില്‍ പങ്കെടുത്തു.
പരസ്പര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസും ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസും വത്തിക്കാനില്‍ എത്തിയിരിക്കുന്നത്. അബ്ബാസിന്റെ ഫത്താ പാര്‍ട്ടിയും ഗാസ മുനമ്പില്‍ ജനസ്വാധീനമുള്ള ഹമാസും ചേര്‍ന്ന് പലസ്തീനില്‍ കഴിഞ്ഞ ആഴ്ച ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചതിനെ ഇസ്രയേല്‍ ശക്തമായി എതിര്‍ത്തിരുന്നു. ഹമാസ് തീവ്രവാദ സംഘടനയാണെന്നും സര്‍ക്കാറിനെ അംഗീകരിക്കരുതെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പലസ്തീന്‍ ഐക്യ സര്‍ക്കാറുമായി ചേര്‍ന്ന്‍ പ്രവര്‍ത്തിക്കുമെന്ന് യു.എസ് അടക്കമുള്ള രാഷ്ട്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
യു.എസ് മധ്യസ്ഥതയില്‍ നടന്നുവന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷം ഇസ്രായേലിന്റേയും പലസ്തീനിന്റേയും ഉന്നത നേതാക്കളെ ഒരുവേദിയില്‍ കൊണ്ടുവന്നതാണ് ഈ നടപടിയെ ശ്രദ്ധേയമാക്കുന്നത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന ജൂത-ക്രിസ്ത്യന്‍-മുസ്ലിം പ്രാര്‍ത്ഥനയ്ക്ക് ശേഷം അടച്ചിട്ട മുറിയില്‍ അബ്ബാസും പെരസും തമ്മില്‍ ചര്‍ച്ച നടത്തി.
ഇസ്രായേലിലും പലസ്തീനിലുമുള്ള ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളില്‍ മേയ് അവസാനം സന്ദര്‍ശനം നടത്തിയ വേളയിലാണ് മാര്‍പാപ്പ ഇരുനേതാക്കളേയും സംയുക്ത പ്രാര്‍ത്ഥനയ്ക്ക് വത്തിക്കാനിലേക്ക് ക്ഷണിച്ചത്.