ഭൂമി ഇടപാടിലെ അഴിമതിയില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ടിനെ കോടതി ചൊവ്വാഴ്ച ആറു വര്‍ഷം തടവിന് ശിക്ഷിച്ചു. ജെറുസലേമില്‍ നടന്ന ഭൂമി ഇടപാടുകള്‍ക്ക് ഓള്‍മെര്‍ട്ട് കോഴ വാങ്ങിയതായി മാര്‍ച്ചില്‍ കോടതി കണ്ടെത്തിയിരുന്നു. 2006-ല്‍ പ്രധാനമന്ത്രിയാകുന്നതിന് മുന്‍പാണ് സംഭവം.
നിയമം തിരുത്തിയും നികുതി ഇളവ് നല്‍കിയും വിവാദമായ ഭവനനിര്‍മ്മാണ പദ്ധതി ഉള്‍പ്പെടെയുള്ള ജറുസലേമിലെ ഭൂമി ഇടപാടുകളുടെ പരമ്പരയില്‍ ലക്ഷക്കണക്കിന് ഡോളറിന്റെ കോഴ നല്‍കപ്പെട്ടിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്. ഓള്‍മെര്‍ട്ട് ജെറുസലേം മേയറും ഇസ്രയേല്‍ സര്‍ക്കാറില്‍ വ്യവസായ-വ്യാപാര വകുപ്പ് മന്ത്രിയുമായിരുന്ന കാലത്താണ് ഇടപാടുകള്‍ നടന്നത്.
പ്രധാനമന്ത്രി സ്ഥാനം വഹിച്ച ഒരാള്‍ രാജ്യത്ത് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്. വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് 68-കാരനായ ഓള്‍മെര്‍ട്ട് അറിയിച്ചു. അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് 2009-ല്‍ ഓള്‍മെര്‍ട്ട് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാന്‍ നിര്‍ബന്ധിതനായത്.