Skip to main content
വത്തിക്കാന്‍ സിറ്റി

john xxiii, john paul ii

 

റോമന്‍ കത്തോലിക്കാ സഭയിലെ മാര്‍പാപ്പമാരായിരുന്ന ജോണ്‍ പോള്‍ രണ്ടാമനേയും ജോണ്‍ 23-ാമനേയും സഭ വിശുദ്ധരായി പ്രഖ്യാപിച്ചു. വത്തിക്കാനില്‍ നടന്ന ചടങ്ങുകള്‍ക്ക് വിരമിച്ച മാര്‍പാപ്പ ബനഡിക്ട് 16 ാമനൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മ്മികത്വം വഹിച്ചു. ഒട്ടേറെ രാഷ്ട്രത്തലവരടക്കം പത്ത് ലക്ഷത്തോളം വിശ്വാസികള്‍ സെന്റ്‌ പീറ്റേഴ്സ് ചത്വരത്തില്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് രണ്ട് മാര്‍പ്പാപ്പമാരെ ഒരേസമയം വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.

 

വ്യത്യസ്തമായ ശൈലികളിലൂടെ കത്തോലിക്കാ സഭയെ നയിച്ച രണ്ടുപേരാണ് ജോണ്‍ പോള്‍ രണ്ടാമനും ജോണ്‍ 23-ാമനും. യാഥാസ്ഥിതികരുടെ പ്രിയങ്കരനായിരുന്നു ജോണ്‍ പോള്‍ രണ്ടാമനെങ്കില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുക വഴി സഭയുടെ പരിഷ്കരണത്തിന് നേതൃത്വം നല്‍കിയ മാര്‍പാപ്പയാണ് ജോണ്‍ 23-ാമന്‍. ഇരുവരേയും ഒരുമിച്ച് വിശുദ്ധരായി പ്രഖ്യാപിക്കുക വഴി സഭയിലെ യാഥാസ്ഥിതിക-പരിഷ്കരണ വിഭാഗങ്ങള്‍ക്ക് ഐക്യസന്ദേശം നല്‍കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലക്ഷ്യമെന്ന് നിരീക്ഷകര്‍ കരുതുന്നു.  

 

1978 മുതല്‍ 2005 വരെ നീണ്ട 27 വര്‍ഷങ്ങള്‍ സഭയെ നയിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയത്തിലും നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയ ലോകനേതാവാണ്‌. പതിനാറാം നൂറ്റാണ്ടിന് ശേഷം ഇറ്റലിയ്ക്ക് പുറത്ത് നിന്ന്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പാപ്പയായിരുന്ന അദ്ദേഹം തന്റെ സ്വദേശമായ പോളണ്ടിലും കിഴക്കന്‍ യൂറോപ്പിലും കമ്യൂണിസത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കി. പോളണ്ടില്‍ കമ്യൂണിസ്റ്റ് സര്‍ക്കാറിന് പുറത്താക്കി അധികാരം പിടിച്ച സോളിഡാരിറ്റി പ്രസ്ഥാനത്തിന്റെ നേതാവ് ലേ വലേസ ഞായറാഴ്ച വത്തിക്കാനില്‍ സന്നിഹിതനായിരുന്നു.

 

129 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ ഏറ്റവുമധികം സഞ്ചരിച്ച മാര്‍പാപ്പ കൂടിയാണ്. മറ്റ് മതങ്ങളുമായുള്ള കത്തോലിക്കാ സഭയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം ശ്രദ്ധ കൊടുത്തു. അതേസമയം, ഗര്‍ഭനിരോധനത്തിനെതിരെയും സ്ത്രീകളുടെ പൌരോഹിത്യത്തിനെതിരെയുമുള്ള സഭയുടെ യാഥാസ്ഥിതിക നിലപാടുകള്‍ അദ്ദേഹം പിന്തുടര്‍ന്നു.

 

1958-ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ 23-ാമന്‍ നാലര വര്‍ഷം മാത്രമേ പദവിയില്‍ ഇരുന്നുള്ളൂ എങ്കിലും സഭയില്‍ ദൂരവ്യാപകമായ പരിഷ്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ച ആത്മീയ നേതാവാണ്‌. 1962 മുതല്‍ 1965 വരെ നീണ്ടുനിന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്തത് അദ്ദേഹമാണ്. എന്നാല്‍, കൗണ്‍സില്‍ പിരിയുന്നതിന് മുന്‍പേ 1963-ല്‍ ഉദരത്തില്‍ അര്‍ബുദം ബാധിച്ച് അദ്ദേഹം അന്തരിച്ചു.

 

ഇറ്റലിയില്‍ ദരിദ്രമായ കുടുംബ പശ്ചാത്തലത്തില്‍ വളര്‍ന്ന അദ്ദേഹം നല്ല പാപ്പ എന്നാണ് വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. വിശുദ്ധരായി പ്രഖ്യാപിക്കണമെങ്കില്‍ രണ്ട് അത്ഭുതങ്ങള്‍ മധ്യസ്ഥതയില്‍ നടന്നതായി സാക്ഷ്യം ലഭിക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കിയാണ്‌ ഫ്രാന്‍സിസ് മാര്‍പാപ്പ ജോണ്‍ 23-ാമനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത നടപടിയാണ് രണ്ടാമത്തെ അത്ഭുതത്തിന് പകരമായി മാര്‍പാപ്പ സ്വീകരിച്ചത്.