യു.എസ് മധ്യസ്ഥതയില്‍ ആരംഭിച്ച സമാധാന ചര്‍ച്ചകളില്‍ നിന്ന്‍ ഇസ്രയേല്‍ പിന്മാറിയതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പലസ്തീന്‍ വിമോചന സംഘടന (പി.എല്‍.ഒ)യുടെ കേന്ദ്ര കൗണ്‍സില്‍ യോഗം ശനിയാഴ്ച തുടങ്ങി. പലസ്തീനിലെ ഗാസ പ്രദേശത്ത് നിയന്ത്രണമുള്ള ഹമാസുമായി അനുരഞ്ജനത്തിലെത്താനുള്ള പി.എല്‍.ഒയുടെ തീരുമാനത്തെ തുടര്‍ന്നാണ് ഇസ്രായേലിന്റെ പിന്മാറ്റം.
വെസ്റ്റ് ബാങ്കിലെ റാമല്ലയിലുള്ള പി.എല്‍.ഒ ആസ്ഥാനത്താണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യോഗം. പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിന്റെ പ്രസംഗത്തില്‍ സംഘടനയുടെ നിലപാട് വ്യക്തമാകുമെന്ന് കരുതപ്പെടുന്നു. ഇസ്രയേലുമായുള്ള ചര്‍ച്ചകളിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും യോഗം വിളിച്ചിരിക്കുന്നതെങ്കിലും ഹമാസുമായി ബുധനാഴ്ച തീരുമാനമായ ഐക്യ ഉടമ്പടിയും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തേക്കും.
തീവ്രവാദ നിലപാടുകള്‍ സ്വീകരിക്കുന്ന ഹമാസുമായുള്ള ഈ ഉടമ്പടിയെ തുടര്‍ന്നാണ് ഇസ്രയേല്‍ സമാധാന ചര്‍ച്ചകളില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്. അബ്ബാസിന്റെ നേതൃത്വത്തില്‍ ഏതാനും ആഴ്ചക്കുള്ളില്‍ ഒരു ‘ദേശീയ സമവായ’ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പി.എല്‍.ഒയും ഹമാസും തമ്മില്‍ ഉടമ്പടിയില്‍ ധാരണയായിരുന്നു. യഹൂദ രാഷ്ട്രത്തിന്റെ നാശം ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്ന സംഘടനയുടെ പിന്തുണ സ്വീകരിക്കുന്ന സര്‍ക്കാറുമായി ചര്‍ച്ച ചെയാനില്ലെന്നായിരുന്നു ഇസ്രായേലിന്റെ പ്രതികരണം.
ഏപ്രില്‍ 29-നകം തീരുമാനത്തിലെത്തണമെന്ന ലക്ഷ്യവുമായി ഒന്‍പത് മാസം മുന്‍പ് ആരംഭിച്ച ഇസ്രയേല്‍-പലസ്തീന്‍ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ചര്‍ച്ചകളിലെ ധാരണയനുസരിച്ച് വിട്ടയക്കാന്‍ തീരുമാനിച്ച പലസ്തീന്‍ തടവുകാരുടെ അവസാന സംഘത്തെ ഇസ്രയേല്‍ വിട്ടയക്കാഞ്ഞതോടെ പലസ്തീനും കടുത്ത നടപടികളിലേക്ക് നീങ്ങിയിരുന്നു. 15 അന്താരാഷ്ട്ര സംഘടനകളില്‍ അംഗത്വത്തിന് അപേക്ഷിച്ച അബ്ബാസ് ചര്‍ച്ചകള്‍ തുടരുന്നതിന് കടുത്ത നിബന്ധനകളും മുന്നോട്ട് വെച്ചിരുന്നു.