ആപ്പിള്‍, സാംസങ്ങ് തുടങ്ങിയ കമ്പനികള്‍ക്ക് പ്രോസസ്സര്‍ ചിപ്പുകള്‍ വിതരണം ചെയ്യുന്ന ഫാക്ടറികളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ തൊഴിലാളികളില്‍ അര്‍ബുദത്തിന് കാരണമാകുന്നുവെന്ന് സന്നദ്ധ സംഘടനകള്‍ ആരോപിച്ചു. ലുക്കീമിയ, നോണ്‍ ഹോജ്കിന്‍ ലിംഫോമ തുടങ്ങിയ വിവിധ രക്താര്‍ബുദ രോഗങ്ങള്‍ ബാധിച്ച് നൂറിലേറെ പേര്‍ മരിച്ചതായും സംഘടനകള്‍ പറയുന്നു.
ഫാക്ടറികളിലെ തൊഴില്‍ സാഹചര്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ കമ്പനികള്‍ അവഗണിക്കുകയാണെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. സെമികണ്ടക്ടര്‍ വ്യവസായത്തിലെ തൊഴിലാളി അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഷാര്‍പ്സ് എന്ന സംഘടനയുമായി ഈ വിഷയത്തില്‍ നടത്തി വന്ന ചര്‍ച്ച സാംസങ്ങ് ഏകപക്ഷീയമായി അവസാനിപ്പിച്ചതായും സംഘടന പറയുന്നു.
രക്താര്‍ബുദത്തിന് കാരണമാകുന്ന ബെന്‍സീന്‍, ട്രൈക്ലോറോഎതിലീന്‍ എന്നീ രാസവസ്തുക്കള്‍ ദക്ഷിണ കൊറിയയിലേയും ചൈനയിലേയും ഫാക്ടറികളില്‍ സെമികണ്ടക്ടര്‍ അസംബിള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ‘ക്ലീന്‍ റൂമു’കളില്‍ പടര്‍ന്നിട്ടുള്ളതായാണ് ആരോപണം.
സാംസങ്ങിന്റെ ഉടമസ്ഥതയിലുള്ള ഗിഹങ്ങ് സെമികണ്ടകടര്‍ പ്ലാന്റിലെ 17 അര്‍ബുദ ബാധിതരില്‍ 2012-ല്‍ നടത്തിയ പഠനത്തില്‍ ക്ലീന്‍ റൂമുകളില്‍ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഹാനികരമായ തൊഴില്‍ സാഹചര്യങ്ങള്‍ കണ്ടെത്തിയ മറ്റ് ഫാക്ടറികള്‍ ആപ്പിളിനും സാംസങ്ങിനും ചിപ്പുകള്‍ വിതരണം ചെയ്യുന്നവയാണ്. എന്നാല്‍, ഇവ കമ്പനികളുടെ ഉടമസ്ഥതയില്‍ ഉള്ളവയല്ല.
ആപ്പിളിന് ചിപ്പുകള്‍ വിതരണം ചെയ്യുന്ന ചൈനയിലെ ഫാക്ടറികളിലെ രാസസുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെ തുടര്‍ന്ന്‍ ഹാനികരമായ രാസവസ്തുക്കള്‍ നിര്‍മ്മാണ പ്രക്രിയയില്‍ നിന്ന്‍ ഒഴിവാക്കാന്‍ ചൈനയിലും യു.എസിലുമുള്ള സന്നദ്ധസംഘടനകള്‍ തുടര്‍ച്ചയായി ആപ്പിളിനോട് ആവശ്യപ്പെടുന്നുണ്ട്. ഈ രാസവസ്തുക്കള്‍ക്ക് പകരം അധികം പണച്ചിലവില്ലാതെ തന്നെ അര്‍ബുദത്തിന് കാരണമാകാത്ത രാസവസ്തുക്കള്‍ ഉപയോഗിക്കാമെന്ന് ചൈന ലേബര്‍ വാച്ച്, ഗ്രീന്‍ അമേരിക്ക തുടങ്ങിയ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍മ്മാതാക്കളോട് തങ്ങള്‍ കര്‍ശനമായി ആവശ്യപ്പെടുന്നുണ്ടെന്ന് ആപ്പിള്‍ പറയുന്നു. ചിപ്പ് ഫാക്ടറിയിലെ മരണങ്ങള്‍ സംബന്ധിച്ച കമ്പനിയുടെ നടപടികള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് സാംസങ്ങ് പറയുന്നു.