സ്നോഡന്‍ വാര്‍ത്തകള്‍ക്ക് പുലിറ്റ്സര്‍ പ്രൈസ്

Tue, 15-04-2014 11:15:00 AM ;
ന്യൂയോര്‍ക്ക്

edwerd snowdenമാധ്യമപ്രവര്‍ത്തനത്തിലെ മികവിന് യു.എസ്സില്‍ നല്‍കുന്ന പ്രമുഖ പുരസ്കാരമായ പുലിറ്റ്സര്‍ പ്രൈസ് എഡ്വേര്‍ഡ് സ്നോഡന്റെ എന്‍.എസ്.എ വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഗാഡിയന്‍ യു.എസിനും വാഷിങ്ങ്ടണ്‍ പോസ്റ്റിനും. പൊതുജന സേവന റിപ്പോര്‍ട്ടിങ്ങിനുള്ള 2014-ലെ പുരസ്കാരമാണ് ഇരു പത്രങ്ങളും നേടിയത്.

 

യു.എസ് ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.എസ്.എയുടെ വ്യാപകമായ നിരീക്ഷണ രീതികളും വിവരചോരണവും റിപ്പോര്‍ട്ട് ചെയ്തതിലൂടെ ദേശീയ സുരക്ഷയും സ്വകാര്യതയും തമ്മിലുള്ള ബന്ധം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ത്താന്‍ പത്രങ്ങള്‍ക്ക് കഴിഞ്ഞതായി പുരസ്കാര സമിതി ചൂണ്ടിക്കാട്ടി. കൊളംബിയ സര്‍വകലാശാലയാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.

 

എവെന്‍ മക്അസ്കിലിന്റേയും ചലച്ചിത്ര സംവിധായകയുമായ ലോറ പോയ്ട്രാസിന്റേയും സഹകരണത്തോടെ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ്‌ ആണ് ഗാഡിയനില്‍ റിപ്പോര്‍ട്ടിങ്ങിന് നേതൃത്വം നല്‍കിയത്. ബാര്‍ടന്‍ ഗെല്‍മാന്‍ ആണ് പോസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്.

 

റിപ്പോര്‍ട്ടര്‍മാരെ അഭിനന്ദിച്ചു കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാറില്‍ ഒരു പങ്കുണ്ടെന്ന് കരുതുന്നവര്‍ക്കുള്ള സമര്‍ത്ഥനമാണ് പുരസ്കാരമെന്ന് സ്നോഡന്‍ പറഞ്ഞു. കടുത്ത സമ്മര്‍ദ്ദത്തിലാണ് റിപ്പോര്‍ട്ടര്‍മാര്‍ പ്രവര്‍ത്തിച്ചതെന്നും സ്നോഡന്‍ ചൂണ്ടിക്കാട്ടി.

 

എന്‍.എസ്.എയില്‍ കരാര്‍ ജീവനക്കാരനായിരുന്ന സ്നോഡന്‍ ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ ലോകവ്യാപകമായി യു.എസിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. യു.എസിലേയും മറ്റ് രാജ്യങ്ങളിലേയും സാധാരണ ജനങ്ങളുടേയും മറ്റ് രാഷ്ട്രങ്ങളിലെ ഭരണാധികാരികളുടേയും ആശയവിനിമയ സംവിധാനങ്ങള്‍ നിരീക്ഷണത്തില്‍ വെക്കുകയോ ചോര്‍ത്തുകയോ ചെയ്യുന്നതിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്. ഇതേത്തുടര്‍ന്ന് യു.എസില്‍ ചാരവൃത്തി അടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട സ്നോഡന്‍ ഇപ്പോള്‍ റഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്.    

Tags: