ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 2000-ത്തിന് ശേഷം 1,500-ല്‍ അധികം പലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ അതോറിറ്റി. പലസ്തീനില്‍ കുട്ടികളുടെ ദിനമായി ആചരിക്കുന്ന ശനിയാഴ്ച അതോറിറ്റിയിലെ സാമൂഹ്യകാര്യ മന്ത്രി കമാല്‍ ഷറഫിയാണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലപ്പെട്ട 1,520 കുട്ടികള്‍ക്ക് പുറമേ 6000-ത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും 10,000-ത്തില്‍ അധികം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായും മന്ത്രിയെ ഉദ്ധരിച്ച് പലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സി മാന്‍ റിപ്പോര്‍ട്ട് ചെയ്തു. 200 കുട്ടികള്‍ ഇപ്പോഴും ഇസ്രായേലി ജയിലുകളില്‍ തടവിലാണ്.
2013 മാര്‍ച്ചില്‍ കുട്ടികള്‍ക്കുള്ള യു.എന്‍ ഏജന്‍സിയായ യുണിസെഫ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പലസ്തീന്‍ കുട്ടികള്‍ക്ക് നേരെയുള്ള ഇസ്രായേലിന്റെ നടപടികളെ വിമര്‍ശിച്ചിരുന്നു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി സൈന്യത്തിന്റെ തടവിലുള്ള കുട്ടികളോട് അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാതെ മോശമായി പെരുമാറുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഓരോ വര്‍ഷവും 12-നും 17-നും ഇടയില്‍ പ്രായമുള്ള 700-ഓളം പലസ്തീന്‍ കുട്ടികളെ ഇസ്രായേലിന്റെ സൈന്യവും പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന്‍ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും തടവില്‍ വെക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് കണ്ടെത്തി. പലപ്പോഴും വീടുകളില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടികളെ പിടികൂടി കൈകള്‍ ബന്ധിച്ച് കണ്ണുമൂടി സായുധ സൈനികര്‍ ബലം പ്രയോഗിച്ച് ചോദ്യം ചെയ്യല്‍ കേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു.
2013 ജൂണില്‍ കുട്ടികളുടെ അവകാശത്തിനായുള്ള യു.എന്‍ കമ്മിറ്റിയുടെ ഒരു റിപ്പോര്‍ട്ടും സമാനമായ ആരോപണങ്ങള്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ ഉന്നയിച്ചിരുന്നു. കമ്മിറ്റിയുടെ മനുഷ്യാവകാശ വിദഗ്ദ്ധര്‍ പഠനം നടത്തിയ പത്ത് വര്‍ഷ കാലയളവില്‍ 9-നും 17-നും ഇടയില്‍ പ്രായമുള്ള 7000 കുട്ടികളെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും തടവില്‍ വെക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട് കണ്ടെത്തിയത്.