Skip to main content
ക്വാലാലംപൂര്‍

najib razakകാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് ജെറ്റ് വിമാനം എം.എച്ച് 370 ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ തകര്‍ന്ന്‍ വീണതായി മലേഷ്യ സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് 239 പേരുമായി ബീജിങ്ങിലേക്കുള്ള യാത്രാമധ്യേ മാര്‍ച്ച് 8-ന് കാണാതായ വിമാനത്തിന്റെ യാത്ര ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിദൂര ഭാഗത്ത് അവസാനിച്ചതായി അറിയിച്ചത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ മോശം കാലാവസ്ഥ കാരണം ചൊവാഴ്ച നിര്‍ത്തിവെച്ചിരിക്കുകയാണ്.  

 

 

ബ്രിട്ടിഷ് കമ്പനി ഇന്മാര്‍സാറ്റിന്റെ ഉപഗ്രഹ വിവര വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ വിമാനം തെക്കോട്ട്‌ സഞ്ചരിച്ച് കടലില്‍ വീണതായി അനുമാനിച്ചത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമേ വിമാനം യാത്ര ചെയ്യേണ്ട ദിശയില്‍ നിന്ന്‍ വ്യതിചലിച്ചതിന്റെ കാരണം വ്യക്തമാകൂ. ആസ്ത്രേലിയയിലെ പെര്‍ത്തില്‍ നിന്ന്‍ ഏകദേശം 2500 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറു ഭാഗത്താണ് വിമാനം തകര്‍ന്നു വീണതായി കരുതുന്നത്.

 

ശക്തമായ കാറ്റും കനത്ത മഴയും താഴ്ച മേഘങ്ങളും ആറു മീറ്റര്‍ വരെ ഉയരത്തില്‍ അടിക്കുന്ന തിരമാലകളും വിമാനങ്ങളേയും കപ്പലുകളേയും അവശിഷ്ടങ്ങള്‍ കണ്ട മേഖലയിലേക്ക് എത്തുന്നതില്‍ നിന്ന്‍ തടയുകയാണെന്ന് ആസ്ട്രേലിയന്‍ സമുദ്ര സുരക്ഷാ അതോറിറ്റി ചൊവാഴ്ച അറിയിച്ചു. തിരച്ചില്‍ മേഖലയില്‍ കടലില്‍ ഒഴുകിനടക്കുന്ന വസ്തുക്കളെ തിങ്കളാഴ്ച ചൈനയുടേയും ആസ്ത്രേലിയയുടേയും വിമാനങ്ങള്‍ കണ്ടെത്തിയിരുന്നു. ആസ്ട്രേലിയന്‍ നാവികസേനയുടെ കപ്പല്‍ ഇവയ്ക്ക് അടുത്ത് എത്തിക്കൊണ്ടിരിക്കുകയാണെന്നും ഇന്നലെ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബ്ബോട്ട് അറിയിച്ചിരുന്നു.