Skip to main content
ക്വാലാലം‌പൂര്‍

 

കാണാതായ മലേഷ്യന്‍ വിമാനത്തിന്റേത് എന്ന്‍ കരുതുന്ന അവശിഷ്ടം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയതായി ചൈനയും ആസ്ത്രേലിയയും അറിയിച്ചു. കഴിഞ്ഞ ദിവസം ഉപഗ്രഹ ചിത്രത്തില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിനടുത്തായിചതുരാകൃതിയിലുള്ള വെളുത്ത വസ്തുക്കള്‍ കണ്ടെത്തിയതായി ഐ. എല്‍-76 എന്ന ചൈനീസ് വിമാനത്തിലെ ജീവനക്കാര്‍ തിരച്ചില്‍ ഏകോപിപ്പിക്കുന്ന ഓസ്‌ട്രേലിയന്‍ കമാന്‍ഡ് സെന്ററിനെ അറിയിക്കുകയായിരുന്നു. ആസ്ത്രേലിയന്‍ വിമാനങ്ങളും കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടതായി പ്രധാനമന്ത്രി ടോണി അബ്ബോട്ട് അറിയിച്ചു.

 


വിമാനാവശിഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഈയാഴ്ച മൂന്ന് രാജ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഫ്രാന്‍സും ഓസ്ത്രേലിയയും  ചൈനയും സമാനമായ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചതായി അറിയിക്കുകയായിരുന്നു. ചിത്രങ്ങള്‍ ലഭിച്ച സമുദ്ര മേഖലയില്‍ വ്യാഴാഴ്ച മുതല്‍ വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ വായുവിലും കടലിലും തിരച്ചില്‍ തുടരുകയാണ്.

 


അതിനിടെ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായി ബ്ലാക് ബോക്‌സ് ലൊക്കേറ്റര്‍ അടങ്ങുന്ന കപ്പല്‍ യു.എസ് പ്രദേശത്തേയ്ക്ക് അയച്ചിട്ടുണ്ട്. കപ്പലില്‍ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഈ ഉപകരണത്തിന് കടലില്‍ 20000 അടി താഴെ നിന്നുപോലും ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള സിഗ്‌നലുകള്‍ പോലും പിടിച്ചെടുക്കാന്‍ കഴിയും.

 


ആസ്ട്രേലിയയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിദൂര തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ആണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇപ്പോള്‍ തിരച്ചില്‍ നടത്തുന്ന പ്രദേശത്ത് കാലാവസ്ഥ വളരെ ദുഷ്‌കരമാണ്. അതുകൊണ്ട് തന്നെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ അത്ര എളുപ്പമല്ല.

 


മാര്‍ച്ച് എട്ടിനാണ് ബീജിങ്ങിലേക്കുള്ള യാത്രാമധ്യേ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച് 370 ജെറ്റ് വിമാനം 239 യാത്രക്കാരുമായി കാണാതായത്. ആധുനിക വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതയായി മാറിയിരിക്കുകയാണ് സംഭവം.