പാകിസ്താനില്‍ സര്‍ക്കാറുമായുള്ള സമാധാനചര്‍ച്ച പുനരാരംഭിക്കാന്‍ തെഹ്രീക്-ഇ-താലിബാന്‍ ഒരുമാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. 2010-ല്‍ തട്ടിക്കൊണ്ടു പോയ 23 സൈനികരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ താലിബാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയിരുന്നു.
സര്‍ക്കാറില്‍ നിന്നുണ്ടായ അനുകൂല പ്രതികരണവും മതനേതാക്കളുടെ അഭ്യര്‍ഥനയുമാണ് തീരുമാനത്തിന് പിന്നിലെന്ന് തെഹ്രീക്-ഇ-താലിബാന്‍ അറിയിച്ചു. താലിബാന്‍റെ പ്രഖ്യാപനം സര്‍ക്കാര്‍ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ കഴിഞ്ഞമാസം താലിബാനുമായി സമാധാന ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരുന്നുവെങ്കിലും അനുദിനം തുടരുന്ന ആക്രമണങ്ങള്‍ നിര്‍ത്താന്‍ സംഘടന തയ്യാറായില്ല. തട്ടിക്കൊണ്ടുപോയ 23 പട്ടാളക്കാരെ തങ്ങളാണ് വധിച്ചതെന്ന് തെഹ്രീക്-ഇ-താലിബാന്‍ പ്രഖ്യാപിച്ചത് സമാധാന ശ്രമങ്ങള്‍ക്ക് മറ്റൊരു തിരിച്ചടിയുമായി. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ സൈനികനീക്കവും തുടങ്ങിയിരുന്നു.
സര്‍ക്കാരിനെ താഴെയിറക്കി രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു പാക്കിസ്ഥാനി താലിബാന്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അടിത്തറയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പാക് സര്‍ക്കാരും താലിബാന്‍ പോരാളികളും തമ്മിലുള്ള ചര്‍ച്ച ആരംഭിച്ചത് പാക്കിസ്ഥാന്‍ പ്രധാനമന്തി നവാസ് ഷെരിഫായിരുന്നു ചര്‍ച്ചക്ക് മുന്‍ കൈയെടുത്തത്.