Skip to main content
ലണ്ടന്‍

ലക്ഷക്കണക്കിന്‌ വരുന്ന യാഹൂ ഉപയോക്താക്കളുടെ വെബ്കാമുകളില്‍ നിന്ന്‍ യു.കെ രഹസ്യാന്വേഷണ ഏജന്‍സിയായ ജി.സി.എച്ച്.ക്യുവും യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ)യും ചിത്രങ്ങള്‍ ചോര്‍ത്തി ശേഖരിച്ചതായി റിപ്പോര്‍ട്ട്. എന്‍.എസ്.എ കോണ്‍ട്രാക്ടര്‍ ആയിരിക്കേ എഡ്വേര്‍ഡ് സ്നോഡന്‍ ചോര്‍ത്തിയ ജി.സി.എച്ച്.ക്യു ഫയലുകളുടെ അടിസ്ഥാനത്തില്‍ ബ്രിട്ടിഷ് പത്രമായ ഗാര്‍ഡിയനാണ് ഈ വിവരം വെളിപ്പെടുത്തിയത്.

 

ഒപ്ടിക് നെര്‍വ് എന്ന പദ്ധതി പ്രകാരം എന്തെങ്കിലും സംശയത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ തന്നെ വ്യക്തിഗത ഉപയോക്താക്കളെ മുഴുവന്‍ നിരീക്ഷണത്തില്‍ കൊണ്ടുവന്ന്‍ ഇവരുടെ നിശ്ചല ചിത്രങ്ങള്‍ ശേഖരിക്കുകയായിരുന്നു. 2008-ലെ ഒരു ആറുമാസ കാലയളവില്‍ ലോകമെങ്ങുമുള്ള 18 ലക്ഷം യാഹൂ ഉപയോക്താക്കളുടെ വെബ്കാം ചിത്രങ്ങള്‍ ബ്രിട്ടിഷ് ഏജന്‍സി ശേഖരിച്ചിട്ടുണ്ട്.

 

ഓരോ അഞ്ചു മിനിറ്റിലും ഒരു ഉപയോക്താവിന്റെ വെബ്കാമില്‍ നിന്ന്‍ ചിത്രങ്ങള്‍ ശേഖരിക്കുകയാണ് ചെയ്തത്. ഇത് പിന്നീട് എന്‍.എസ്.എയ്ക്ക് കൈമാറിയിട്ടുമുണ്ട്. ഇങ്ങനെ ശേഖരിക്കപ്പെട്ടവയില്‍ ലൈംഗിക ഉള്ളടക്കമുള്ള ഒട്ടേറെ ചിത്രങ്ങളും അടങ്ങുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

വെളിപ്പെടുത്തലിനെ തുടര്‍ന്ന്‍ നിരീക്ഷണത്തില്‍ യു.എസ് കമ്പനിയായ യാഹൂ അതിശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. ഇതിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും കമ്പനി പ്രതികരിച്ചു.

 

സ്നോഡന്‍ ചോര്‍ത്തിയവില്‍ 2008 മുതല്‍ 2010 വരെയുള്ള കാലയളവിലെ ജി.സി.എച്ച്.ക്യു ഫയലുകളില്‍ പദ്ധതിയെ കുറിച്ച് വ്യക്തമായ പരാമര്‍ശമുണ്ട്. എന്നാല്‍, 2012 വരെയെങ്കിലും പദ്ധതി നടപ്പിലുണ്ടായിരുന്നുവെന്നാണ് സൂചനയെന്ന് ഗാര്‍ഡിയന്‍ കൂട്ടിച്ചേര്‍ക്കുന്നു.