രാജ്യദ്രോഹക്കേസില്‍ വിചാരണ നേരിടുന്ന മുന്‍ പാക് സൈനികമേധാവി പര്‍വേസ് മുഷറഫ് അവസാനം കോടതിയില്‍ ഹാജരായി. വിചാരണയ്ക്ക് ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുമെന്ന് വിചാരണ ചെയ്യുന്ന സ്‌പെഷല്‍ കോടതി അറിയിച്ചതിനെ തുടര്‍ന്നാണ് ആദ്യമായി മുഷറഫ് കോടതിയില്‍ ഹാജരായത്. ഇസ്‌ലാമാബാദ് ദേശീയ ലൈബ്രറിക്ക് സമീപമുള്ള പ്രത്യേക കോടതിയിലാണ് കനത്ത സുരക്ഷയില്‍ അദ്ദേഹം എത്തിചേര്‍ന്നത്.
2007-ല്‍ പ്രസിഡന്‍റായിരിക്കെ ഭരണഘടന റദ്ദ് ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റക്കേസില്‍ വിചാരണ നേരിടുന്ന മുഷറഫ് ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. കേസിന്റെ മൂന്ന് വിചാരണയിലും മുഷറഫ് ഹാജരായിരുന്നില്ല. പലതവണ കോടതി സമന്‍സ് അയച്ചെങ്കിലും ആരോഗ്യ-സുരക്ഷാ കാരണങ്ങളുടെ പേരില്‍ ഹാജരാവാതെ ഇരിക്കുകയായിരുന്നു. കഴിഞ്ഞ തവണ കോടതിയിലേക്കുള്ള യാത്രാമധ്യേ നെഞ്ചുവേദനയെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.