ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൊന്നായ ഫേസ്ബുക്ക് മൊബൈല്‍ മെസേജിംഗ് സേവനമായ വാട്ട്‌സ്ആപ്പിനെ ഏറ്റെടുക്കുന്നു. 19 ബില്യണ്‍ ഡോളറിനാണ് ഫെയ്‌സ്ബുക്ക് വാട്ട്‌സ്ആപ്പ് സ്വന്തമാക്കുക.
മാര്‍ക്ക് സുക്കര്‍ ബര്‍ഗിന്റെ ഫേസ്ബുക്ക് സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കല്‍ പദ്ധതിയാണിത്. ഏറ്റെടുക്കലിന് ശേഷവും സ്വതന്ത്ര സംവിധാനമായി വാട്ട്‌സ്ആപ്പിനെ നിലനിര്‍ത്താനാണ് ഫെയ്‌സ്ബുക്കിന്റെ തീരുമാനം. സമീപകാലത്തായി ഫെയ്‌സ്ബുക്കിനേക്കാള്‍ സ്വീകാര്യത വാട്ട്‌സ്ആപ്പിന് ലഭിച്ചിരുന്നു. അതിനാലാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായതെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.
യാഹൂ ജീവനക്കാരായിരുന്ന ബ്രയാൺ ആക്ടനും ജാൻ കൌമും ചേർന്ന് 2009-ൽ ആരംഭിച്ചതാണ് വാട്ട്‌സ്ആപ്പ് കമ്പനി. ഇന്റെര്‍നെറ്റ് സംവിധാനമുപയോഗിച്ച് സൗജന്യമായി മെസേജുകള്‍ കൈമാറാന്‍ സാധിക്കുന്ന വാട്ട്‌സ്ആപ്പിന് ലോകത്താകെ 450 മില്യണ്‍ ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇന്റർനെറ്റിന്റെ സഹായത്തോടെ ചാറ്റിംഗ്, ഫയൽ ഷെയറിംഗ് എന്നിവ സാദ്ധ്യമാകുന്ന വാട്‌സ്ആപ്പിൽ ചിത്രങ്ങൾ തത്സമയം അയക്കാനും വീഡിയോ ഫയലുകളും മറ്റും അറ്റാച്ച് ചെയ്ത് അയയ്ക്കാനുമുള്ള സൗകര്യങ്ങളുമുണ്ട്. വാട്ട്‌സ്ആപ്പിന്റെ കടന്നു വരവോടെ നഷ്ടമായ മേല്‍ക്കൈ തിരിച്ചുപിടിക്കുകയാണ് കമ്പനി സ്വന്തമാക്കുന്നതിലൂടെ ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നത്.
നാല് ബില്യണ്‍ ഡോളറുകള്‍ പണമായും ബാക്കി ഫെയ്‌സ്ബുക്കിന്റെ ഷെയറുകളായും ഏറ്റെടുക്കലിന്റെ ഭാഗമായി കൈമാറും. വാട്ട്‌സ് ആപ്പ് സ്ഥാപകൻ ജാൻ കൗമ് ഫേസ്ബുക്കിന്റെ ഡയറക്ടർ ബോർഡിൽ അംഗമാകും. വാട്ട്‌സ്ആപ്പിനെ സ്വതന്ത്ര സംവിധാനമായി നിലനിര്‍ത്തുവാനാണ് നിലവിലെ ധാരണ.