സിറിയ: ജനീവ സമാധാന ചര്‍ച്ചയുടെ ആദ്യഘട്ടം സമാപിച്ചു

Fri, 31-01-2014 05:48:00 PM ;
ജനീവ

മൂന്നുവര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന് പരിഹാരം തേടി സിറിയന്‍ സര്‍ക്കാറിന്റേയും വിമതരുടേയും പ്രതിനിധികള്‍ ജനീവയില്‍ നടത്തിവന്ന ചര്‍ച്ചയുടെ ആദ്യഘട്ടം വെള്ളിയാഴ്ച അവസാനിച്ചു. ഇരുപക്ഷവും നിലപാടില്‍ മാറ്റമൊന്നും പ്രഖ്യാപിക്കാത്തതിനാല്‍ പ്രത്യേകിച്ച് നേട്ടങ്ങളൊന്നും ചൂണ്ടിക്കാട്ടാനില്ലാതെയാണ് ചര്‍ച്ച തല്‍ക്കാലത്തേക്ക് പിരിയുന്നത്. റഷ്യയുടേയും യു.എസ്സിന്റേയും പിന്തുണയോടെ യു.എന്‍ ആഭിമുഖ്യത്തില്‍ നടത്തുന്ന ചര്‍ച്ചയുടെ അടുത്ത ഘട്ടം ഫെബ്രുവരി പത്തിന് ആരംഭിക്കും.

 

lakhdar brahimiജനീവയിലെ യു.എന്‍ ആസ്ഥാനത്ത് ഒരാഴ്ച നീണ്ടുനിന്ന ചര്‍ച്ചയുടെ പുരോഗതിയില്‍ താന്‍ അതീവനിരാശനാണെന്ന്‍ യു.എന്‍ മധ്യസ്ഥന്‍ ലഖ്ദര്‍ ബ്രഹിമി പറഞ്ഞു. സംഘര്‍ഷബാധിത മേഖലയില്‍ കുടുങ്ങിയ സാധാരണക്കാര്‍ക്ക് യു.എന്‍ സഹായം എത്തിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കാഞ്ഞത് നിരാശാജനകമാണെന്ന് ബ്രഹിമി പറഞ്ഞു.

 

അതേസമയം, ഇരുപക്ഷവും നേരിട്ടു സംഭാഷണം ആരംഭിച്ചത് തന്നെ ചര്‍ച്ചയുടെ നേട്ടമാണെന്ന് നയതന്ത്ര നിരീക്ഷകര്‍ പറയുന്നു. ചര്‍ച്ച ആരംഭിച്ചപ്പോള്‍ ഇരുപക്ഷവും വെവ്വേറെ മുറികളില്‍ ഇരുന്ന് മധ്യസ്ഥരിലൂടെയാണ് ചര്‍ച്ച നടത്തിയിരുന്നത്. 2011 മാര്‍ച്ച് മുതല്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട 1.3 ലക്ഷത്തോളം പേര്‍ക്കായി പ്രതിനിധികള്‍ വ്യാഴാഴ്ച ഒരു നിമിഷം മൗനമാചരിച്ചു.

 

2012-ല്‍ ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ അംഗീകരിക്കപ്പെട്ട കമ്യൂണിക്കേയുടെ അടിസ്ഥാനത്തില്‍ നടക്കുന്നതിനാല്‍ ജനീവ രണ്ട് എന്നാണ് ഈ ചര്‍ച്ച അറിയപ്പെടുന്നത്. ഇടക്കാല ഭരണസമിതി രൂപീകരിച്ച് ദേശീയ സംഭാഷണം നടത്തുക, ഭരണഘടനയും നിയമസംവിധാനവും പുന:പരിശോധിക്കുക സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് കമ്യൂണിക്കേയില്‍ പറയുന്നത്. എന്നാല്‍, നിലവിലെ പ്രസിഡന്റ് ബാഷര്‍ അല്‍-അസ്സാദിനെ ഉള്‍പ്പെടുത്തിയുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ വിമതര്‍ എതിര്‍ക്കുന്നു. അതേസമയം, നിബന്ധനകളോടെ ചര്‍ച്ച നടത്താനാവില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്.

Tags: