ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ (85) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ എട്ടു വര്‍ഷമായി കോമ അവസ്ഥയിലായിരുന്നു. ബന്ധുവിനെ ഉദ്ധരിച്ച് ഇസ്രയേല്‍ സൈന്യത്തിന്റെ റേഡിയോ ആണ് വാര്‍ത്ത അറിയിച്ചത്.
ഷാരോണിന്റെ നില വഷളായതായി കഴിഞ്ഞ ആഴ്ച ടെല്‍ അവീവിലെ ടെല്‍ ഹാഷോമാര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. 2006 മുതല്‍ ഇവിടെയാണ് കൂടുതല്‍ സമയവും ഷാരോണ്‍ ചികിത്സയില്‍ കഴിഞ്ഞത്.
രാഷ്ട്രീയത്തില്‍ സക്രിയമായിരിക്കെ 2005 ഡിസംബറിലാണ് ആദ്യമായി ഷാരോണിന് ലഘുവായി പക്ഷാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് 2006 ജനുവരി നാലിന് തലച്ചോറില്‍ കടുത്ത രക്തസ്രാവം ഉണ്ടാകുകയായിരുന്നു.
ഇസ്രയേല്‍ രാഷ്ട്രീയ നേതാക്കളില്‍ ഐതിഹാസികവും അതേസമയം അങ്ങേയറ്റം വിവാദാത്മകവുമായ ഒരാളായാണ് ഷാരോണ്‍ കണക്കാക്കപ്പെടുന്നത്. ഇസ്രയേല്‍ സൈന്യത്തില്‍ ജനറല്‍ ആയിരിക്കെ തന്നെ പ്രശസ്തനായ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശേഷം കര്‍ക്കശ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായി.
തീവ്ര രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തിയ ഷാരോണ്‍ 2001-ലാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, 2005-ല്‍ ഗാസ മുനമ്പില്‍ നിന്ന്‍ ഇസ്രയേല്‍ സൈന്യത്തിന്റേയും കുടിയേറ്റക്കാരുടേയും ഏകപക്ഷീയമായ പിന്‍മാറ്റത്തിന് ഉത്തരവിട്ടത് ഷാരോണാണ്. 38 വര്‍ഷം നീണ്ട ഇസ്രയേല്‍ നിയന്ത്രണമാണ് ഇതിലൂടെ അവസാനിച്ചത്. പിടിച്ചെടുക്കപ്പെട്ട പ്രദേശങ്ങളില്‍ ഇസ്രയേല്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു മുന്‍പ് ഷാരോണ്‍.
തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്ന ലികുദ് പാര്‍ട്ടി വിട്ട് ഷാരോണ്‍ പിന്നീട് താരതമ്യേന മൃദു നിലപാടുകള്‍ പുലര്‍ത്തുന്ന കദിമ പാര്‍ട്ടി രൂപീകരിച്ചു.