ലെബനനില്‍ നിന്ന്‍ ഇസ്രായേലിന് നേര്‍ക്ക് റോക്കറ്റ് ആക്രമണം. റോക്കറ്റ് വിക്ഷേപിച്ച സ്ഥലങ്ങള്‍ക്ക് നേരെ ഇസ്രായേലി സേന ഷെല്ലാക്രമണം നടത്തി. പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ഞായറാഴ്ച ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന്‍ അഞ്ച് റഷ്യന്‍ നിര്‍മ്മിത കത്യുഷ റോക്കറ്റുകളെങ്കിലും വിക്ഷേപിച്ചതായാണ് ഇസ്രായേലി സേന അറിയിച്ചത്. ഇതില്‍ ഒരെണ്ണം ഇസ്രായേലി ഭൂപ്രദേശത്താണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ലെബനനിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ 20-ല്‍ അധികം ഷെല്ലുകള്‍ ഇസ്രായേലി സേന വര്‍ഷിച്ചതായി ലെബനനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
റോക്കറ്റ് ആക്രമണം സംബന്ധിച്ച് ലെബനിന്റെ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന യു.എന്‍ സമാധാന സേനയ്ക്ക് ഇസ്രയേല്‍ പരാതി നല്‍കി. ലെബനനിലെ തീവ്രവാദ സംഘടനയായ ഹിസ്ബോള്ളയുടെ “യുദ്ധക്കുറ്റങ്ങള്‍ക്ക്” ലെബനനിലെ സര്‍ക്കാറിനും ഉത്തരവാദിത്വമുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു.
യു.എസ് മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ ഭാഗമായി 26 പാലസ്തീനി തടവുകാരെ വിട്ടയക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സംഭവം. ആഗസ്തിന് ശേഷം ആദ്യമായാണ് ലെബനനില്‍ നിന്ന്‍ ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം ഉണ്ടാകുന്നത്.
2006-ല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഒരുമാസം നീണ്ടുനിന്ന യുദ്ധത്തില്‍ 1,200 ലെബനീസ് പൌരരും 160 ഇസ്രായേലി പൌരരും കൊല്ലപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷം അപൂര്‍വമാണ്.