യു.എസ് വിവരം ചോര്‍ത്തലില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Fri, 01-11-2013 01:07:00 PM ;
വാഷിംഗ്‌ടണ്‍

യു.എസ് രഹസ്യാന്വേഷണ എജന്‍സിയായ എന്‍.എസ്.എ വിവരം ചോര്‍ത്തുന്നതിന് ആസ്ട്രേലിയയുടെ ഏഷ്യന്‍ എംബസ്സികളും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. എന്‍.എസ്.എ മുന്‍ ജീവനക്കാരന്‍ എഡ്വേഡ് സ്‌നോഡന്‍ പുറത്ത് വിട്ട രേഖകളില്‍ നിന്ന്‍ 'സിഡ്നി മോണിംഗ് ഹെറാള്‍ഡ്‌' ആണ് ഇത് വെളിപ്പെടുത്തിയത്. ഗൂഗിളിന്റേയും യാഹുവിന്റേയും ഡാറ്റാസെന്റര്‍ എന്‍.എസ്.എ ചോര്‍ത്തിയതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. സ്‌നോഡനില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖങ്ങളുടെയും അടിസ്ഥാനത്തില്‍ 'വാഷിങ്ടണ്‍ പോസ്റ്റാ'ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയത് സംബന്ധിച്ച അന്വേഷണത്തിനായി ജര്‍മ്മന്‍ വിദേശകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ യു.എസ്സിലെത്തിയിട്ടുണ്ട്. തങ്ങളുടെ പൗരന്‍മാരുടെ ടെലഫോണ്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണത്തെക്കുറിച്ച് സ്‌പെയിന്‍ കഴിഞ്ഞദിവസം യു.എസ് അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. 33 യു.എന്‍ അംഗരാജ്യങ്ങളുടെ രാഷ്ട്രത്തലവന്‍മാരുടെയും ജനങ്ങളുടെയും സ്വകാര്യഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന ഗുരുതരമായ ആരോപണമാണ് യു.എസ്സിനു മേലുള്ളത്.

 

ഇന്റേര്‍ണല്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്നും മില്യണിലധികം വിവരങ്ങള്‍ പ്രതിദിനം എന്‍.എസ്.എ ശേഖരിക്കുന്നുണ്ട്. ഡാറ്റാ സെന്ററുകള്‍ നേരിട്ട് വിവരം ചോര്‍ത്താതെ ഡാറ്റാ സെന്ററുകളിലേക്കുള്ള ഫൈബര്‍ ഒപ്റ്റിക് ലിങ്കുകളില്‍ നിന്നുമാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്.

 

എന്നാല്‍ വാര്‍ത്തകളെ തള്ളിക്കളഞ്ഞ് എന്‍.എസ്.എ രംഗത്തെത്തി. ആരോപണത്തില്‍ പറയുന്ന കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് ഗൂഗിളും അറിയിച്ചു. പ്രിസം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ യാഹൂ, ഗൂഗിള്‍, ഫേസ്ബുക്ക് എന്നിവയുടെ സെര്‍വറുകളില്‍ നിന്നും എന്‍.എസ്.എ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് നേരത്തെ സ്‌നോഡന്‍ വെളിപ്പെടുത്തിയിരുന്നു.

 

ഇതിനിടെ വത്തിക്കാനില്‍ നിന്നുള്ള രഹസ്യങ്ങളും എന്‍.എസ്.എ ചോര്‍ത്തിയതായി ആരോപണം. ഇറ്റാലിയന്‍ പ്രസിദ്ധീകരണമായ പനോരമയാണ് യു.എസ് കഴിഞ്ഞ മാര്‍ച്ചില്‍ മാര്‍പ്പാപ്പ തെരഞ്ഞെടുപ്പിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ യു.എസ്സിനെതിരെ തുടര്‍ച്ചയായി  ആരോപണങ്ങള്‍ നിലനില്‍ക്കെ ഇത് സംബന്ധിച്ച വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും നിയന്ത്രണം ആവശ്യമാണെന്ന് തങ്ങള്‍ മനസ്സിലാക്കുന്നെന്ന് വൈറ്റ് ഹൗസ് വക്താവ് ജെ കാര്‍ണി വ്യക്തമാക്കി.

Tags: