ഡ്രോണ്‍ ആക്രമണങ്ങളിലൂടെ യു.എസ് പാകിസ്താനില്‍ നിയമവിരുദ്ധ കൊലപാതകങ്ങള്‍ നടത്തിയെന്നും ഇവയില്‍ ചിലത് യുദ്ധക്കുറ്റമായി പരിഗണിക്കാവുന്നതാണെന്നും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. മനുഷ്യാവകാശ ലംഘനമായ ഈ ആക്രമണങ്ങള്‍ നടത്തുന്നതിന് പാകിസ്താനിലേയും ആസ്ത്രേലിയ, ജര്‍മനി, യു.കെ എന്നീ രാജ്യങ്ങളിലെ ചില അധികൃതരും സ്ഥാപനങ്ങളും യു.എസ്സിനെ സഹായിക്കുന്നതായും ചൊവാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സംഘടന കുറ്റപ്പെടുത്തുന്നു.
ഏറ്റവും കൂടുതല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടക്കുന്ന വടക്കന്‍ വസീരിസ്താനിലും വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലും 2012 ജനുവരിയ്ക്കും 2013 ആഗസ്തിനും ഇടയില്‍ നടന്ന 45 ആക്രമണങ്ങള്‍ നേരിട്ട് പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് യുദ്ധക്കുറ്റമായും നിയമബാഹ്യ വധവുമായി പരിഗണിക്കാവുന്ന അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനങ്ങള്‍ സംഘടന കണ്ടെത്തിയത്. 2004-നും സെപ്തംബര്‍ 2013-നും ഇടയിലുള്ള കാലഘട്ടത്തില്‍ 330-നും 374-നും ഇടയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ യു.എസ് പാകിസ്താനില്‍ നടത്തിയതായി സര്‍ക്കാര്‍-സര്‍ക്കാരേതര സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ഈ ആക്രമണങ്ങളില്‍ 400-നും 900-ത്തിനും ഇടയില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 600-ല്‍ അധികം പേര്‍ക്ക് സാരമായി പരിക്കേറ്റതായും ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നതായും സംഘടന കൂട്ടിച്ചേര്‍ക്കുന്നു.
നിശ്ചിത തീവ്രവാദികളെ ലക്ഷ്യം വെച്ചാണ് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുള്ളതെന്നാണ് യു.എസ് നിലപാട്. എന്നാല്‍, പാകിസ്താന്‍ സര്‍ക്കാറും മനുഷ്യാവകാശ സംഘടനകളും ഈ ആക്രമണങ്ങളില്‍ സാധാരണക്കാരും കൊല്ലപ്പെടുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഡ്രോണ്‍ പദ്ധതിയ്ക്ക് ചുറ്റുമുള്ള രഹസ്യാത്മകത കോടതികളുടേയും അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനങ്ങളെയും മറികടന്ന് ആരെയും കൊല്ലാനുള്ള ലൈസന്‍സ് യു.എസ് ഭരണകൂടത്തിന് നല്‍കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.