Skip to main content
Ad Image
സ്റ്റോക്ക്ഹോം

nobel prize for physicsദൈവകണം എന്നറിയപ്പെടുന്ന ഹിഗ്സ് ബോസോണ്‍ കണത്തിന്റെ കണ്ടെത്തലിന് വഴിതെളിച്ച പഠനങ്ങള്‍ക്ക് പീറ്റര്‍ ഹിഗ്സ്, ഫ്രാന്‍സോ എങ്ക്ലെര്‍ട്ട് എന്നിവര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം. പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിക്ക് കാരണമായതെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്ന മഹാവിസ്ഫോടനത്തിന് ശേഷം നക്ഷത്രങ്ങളും ഗ്രഹങ്ങളും ആയി മാറുന്നതിന് ആറ്റത്തിനകത്തെ പ്രാഥമിക കണങ്ങള്‍ക്ക് പിണ്ഡം ഉണ്ടായതെങ്ങനെയെന്ന്‍ വിശദീകരിക്കുന്ന സൈദ്ധാന്തിക പഠനമാണ് ഇരുവരും നടത്തിയത്.

 

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറും നമ്മളും

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറും നമ്മളും

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറും നമ്മളും

 

അര നൂറ്റാണ്ടിനു മുന്‍പ് ബ്രിട്ടിഷ് സ്വദേശിയായ ഹിഗ്സും ബെല്‍ജിയന്‍ ശാസ്ത്രജ്ഞനായ എങ്ക്ലെര്‍ട്ടും പ്രവചിച്ച കണത്തെ ജനീവക്ക് സമീപമുള്ള പരീക്ഷണ ശാലയില്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ഭൗതികശാസ്ത്രത്തിലെ ഏറ്റവും പ്രധാന പരീക്ഷണങ്ങളില്‍ ഒന്നായാണ് യൂറോപ്യന്‍ ന്യൂക്ലിയര്‍ ഗവേഷണ ഓര്‍ഗനൈസേഷന്റെ (സേണ്‍) ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന പരീക്ഷണ ശാലയില്‍ ഇപ്പോഴും തുടരുന്ന ഈ പരീക്ഷണം വിശേഷിപ്പിക്കപ്പെടുന്നത്.

 

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറും നമ്മളും

സേണ്‍ പരീക്ഷണങ്ങള്‍ ഇവരുടെ സൈദ്ധാന്തിക പ്രവചനങ്ങള്‍ ശരിവെച്ചതോടെ നോബല്‍ പുരസ്കാരം ഇത്തവണ ഇവര്‍ക്കായിരിക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ലോകം എങ്ങനെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുന്ന കണ ഭൗതികത്തിലെ സ്റ്റാന്‍ഡേര്‍ഡ് മാതൃകയുടെ കേന്ദ്രമാണ് പുരസ്കാരം ലഭിച്ച സിദ്ധാന്തമെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രസ്താവനയില്‍ പറഞ്ഞു.

 

80-കാരനായ എങ്ക്ലെര്‍ട്ട് ആണ് ഇത് സംബന്ധിച്ച ആദ്യ പ്രബന്ധം 1964-ല്‍ സഹപ്രവര്‍ത്തകന്‍ ആയിരുന്ന റോബര്‍ട്ട് ബ്രൌട്ടിനൊപ്പം പ്രസിദ്ധീകരിച്ചത്. ബ്രൌട്ട് 2011-ല്‍ അന്തരിച്ചു. 84 വയസ്സുള്ള ഹിഗ്സ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് തന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചതെങ്കിലും പുതിയ കണത്തിന്റെ നിലനില്‍പ്പ്‌ ആദ്യമായി പ്രവചിച്ചത് ഹിഗ്സ് ആണ്. ഇതേത്തുടര്‍ന്നാണ് ഹിഗ്സിന്റെ പേരില്‍ കണം അറിയപ്പെടുന്നത്.

 

1964-ല്‍ തന്നെ മറ്റ് ആറു ശാസ്ത്രജ്ഞരും ഈ വിഷയത്തില്‍ തങ്ങളുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, പുരസ്കാരം ഏര്‍പ്പെടുത്തിയ സ്വീഡിഷ് വ്യവസായി ആല്‍ഫ്രഡ്‌ നോബലിന്റെ മരണപത്രം അനുസരിച്ച് മൂന്നില്‍ കൂടുതല്‍ പേര്‍ക്ക് പുരസ്കാരം നല്‍കാനാകില്ല.

 

1901 മുതല്‍ നല്‍കിവരുന്ന 80 ലക്ഷം സ്വീഡിഷ് ക്രോണര്‍ സമ്മാനത്തുകയുള്ള പുരസ്കാരം  1896-ല്‍ അന്തരിച്ച നോബലിന്റെ ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ പത്തിനാണ് സമ്മാനിക്കുക.

Ad Image