Skip to main content
ഡമാസ്കസ്

assadസിറിയയില്‍ രണ്ടര വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിന്റെ പരിഹാരത്തിന് ജര്‍മ്മനി മധ്യസ്ഥത വഹിച്ചേക്കുമെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദ് സൂചന നല്‍കി. ജര്‍മ്മനിയിലെ ഡെര്‍ സ്പെഗല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ജര്‍മ്മന്‍ ദൂതരാണ് ദൗത്യത്തിനെത്തുന്നതെങ്കില്‍ താന്‍ സന്തുഷ്ടനായിരിക്കും എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് അസാദിന്റെ മറുപടി.

 

അതേസമയം, വിമതര്‍ ആയുധം താഴെ വെക്കാതെ അവരുമായി ചര്‍ച്ചയില്ലെന്ന നിലപാട് അസാദ് ആവര്‍ത്തിച്ചു. ഡമാസ്കസിന് സമീപം നടന്ന രാസായുധ ആക്രമണത്തിന്റെ ഉത്തരവാദിത്വം വിമതര്‍ക്കാണെന്നും അസാദ് ആവര്‍ത്തിച്ചു. സര്‍ക്കാറാണ് ആക്രമണം നടത്തിയത് എന്നതിന് ‘തെളിവിന്റെ ഒരു മര്‍മ്മരം’ പോലും യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പക്കലില്ലെന്നും നുണകളല്ലാതെ മറ്റൊന്നും ഒബാമയ്ക്ക് നല്‍കാനില്ലെന്നും അസാദ് അഭിമുഖത്തില്‍ പറയുന്നു. റഷ്യയെ യഥാര്‍ത്ഥ സുഹൃത്തായും അസാദ് വിശേഷിപ്പിച്ചു.

 

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം കൃത്യസമയത്ത് നടത്തുമെന്ന് പറഞ്ഞ അസാദ് വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറഞ്ഞില്ല. കഴിഞ്ഞ തവണ രണ്ടാം വട്ടം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അസാദിന്റെ ഏഴുവര്‍ഷ കാലാവധി അടുത്ത ആഗസ്തില്‍ അവസാനിക്കും.   

 

ആഭ്യന്തര യുദ്ധത്തിന്റെ ആദ്യനാളുകളില്‍ സര്‍ക്കാറിന് തെറ്റുകള്‍ സംഭവിച്ചതായും അസാദ് അഭിമുഖത്തില്‍ സമ്മതിച്ചു. പിഴവിന്റെ ഉത്തരവാദിത്വം ഒരുഭാഗത്ത് മാത്രമല്ലെന്ന് അസാദ് പറഞ്ഞു. എല്ലാ മനുഷ്യര്‍ക്കും സംഭവിക്കുന്ന വ്യകതിപരമായ തെറ്റുകള്‍ തനിക്കും സംഭവിച്ചിട്ടുണ്ടെന്നും അസാദ് കൂട്ടിച്ചേര്‍ത്തു.

 

അസാദ് ഭരണകൂടത്തിനെതിരെ സമാധാനപരമായി ആരംഭിച്ച കലാപം പിന്നീട് തുറന്ന ആഭ്യന്തരയുദ്ധമായി മാറുകയായിരുന്നു. ഒരു ലക്ഷത്തിലേറെ ആളുകള്‍ ഇതില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കാന്‍ റഷ്യയും യു.എസ്സും ചേര്‍ന്ന് തയ്യാറാക്കി സിറിയ അംഗീകരിച്ച പദ്ധതി പ്രകാരം യു.എന്‍ പരിശോധകര്‍ സിറിയയില്‍ തങ്ങളുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്.