വിശ്വാസത്തെ സംബന്ധിച്ച് സങ്കുചിതമായ നിയമങ്ങള്‍ക്ക് കത്തോലിക്കാ സഭ ആവശ്യത്തിലധികം ശ്രദ്ധ കൊടുക്കുന്നുവെന്ന് ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പ. ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, സ്വവര്‍ഗ്ഗ ലൈംഗികത എന്നീ സാമൂഹ്യ വിഷയങ്ങളില്‍ നിന്ദയ്ക്ക് പകരം അനുകമ്പാപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ പുരോഹിതരോട് പാപ്പ ആഹ്വാനം ചെയ്തു.
മാര്‍ച്ചില്‍ പദവിയിലെത്തിയതിന് ശേഷം നല്‍കുന്ന ആദ്യ വിപുലമായ അഭിമുഖത്തിലാണ് മാര്‍പ്പാപ്പ സഭയുടെ പ്രഖ്യാപിത നിലപാടുകളെ നാടകീയമായി വിമര്‍ശിച്ചത്. ജെസ്യൂട്ട് സഭയില്‍ നിന്ന്‍ മാര്‍പ്പാപ്പയാകുന്ന ആദ്യ വ്യക്തിയായ ഫ്രാന്‍സിസ് ഒന്നാമന്‍ ജെസ്യൂട്ട് സഭാ പ്രസിദ്ധീകരണങ്ങള്‍ക്കാണ് അഭിമുഖം നല്‍കിയത്. ഇറ്റാലിയന്‍ പ്രസിദ്ധീകരണമായ ലാ സിവിലിറ്റ കത്തോലിക്കയുടെ എഡിറ്റര്‍ റെവ. അന്റോണിയോ സ്പഡാരോ ആണ് മൂന്ന് ദിവസങ്ങളിലായി അഭിമുഖം നടത്തിയത്. 16 രാഷ്ട്രങ്ങളിലെ ജെസ്യൂട്ട് പ്രസിദ്ധീകരണങ്ങള്‍ വ്യാഴാഴ്ച അഭിമുഖം പ്രസിദ്ധീകരിച്ചു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം
ജനസേവനത്തിന്റെ ഭാഗമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ മതത്തിന് അവകാശമുണ്ട്. എന്നാല്‍, ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് ആത്മീയമായി കൈകടത്തുന്നത് സാധ്യമല്ല. പുരോഹിതര്‍ ബ്യൂറോക്രാറ്റുകളെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ പോലെ പെരുമാറരുതെന്നും മാര്‍പ്പാപ്പ പറഞ്ഞു.
സ്വവര്‍ഗ്ഗ ലൈംഗിക ആഭിമുഖ്യമുള്ളവരെ ബഹുമാനത്തോടും അനുകമ്പയോടും സംവേദനക്ഷമതയോടും സ്വീകരിക്കണമെന്ന് പാപ്പ പറഞ്ഞു. ജൂലൈയില്‍ സ്വവര്‍ഗ്ഗ പുരോഹിതരെ കുറിച്ചുള്ള ചോദ്യത്തിന് ‘വിധിക്കാന്‍ ഞാനാര്’ എന്നായിരുന്നു പാപ്പയുടെ മറുപടി. തന്റെ ആ പരാമര്‍ശം കത്തോലിക്കാ അനുശാസനങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും അഭിമുഖത്തില്‍ പാപ്പ വിശദീകരിച്ചു. സ്വവര്‍ഗ്ഗ ലൈംഗിക ആഭിമുഖ്യമുള്ള ഒരു വ്യക്തിയുടെ അസ്തിത്വം ദൈവം സ്നേഹത്തോടെ അംഗീകരിക്കുമോ അതോ നിന്ദയോടെ തള്ളിക്കളയുമോ എന്ന് പാപ്പ ചോദിച്ചു. മനുഷ്യന്റെ നിഗൂഡതയിലേക്കാണ് ഇവിടെ നമ്മള്‍ പ്രവേശിക്കുന്നതെന്ന് പാപ്പ പറഞ്ഞു.
ആത്മീയ നേതൃത്വത്തിലാണ് ദൈവശാസ്ത്ര വിപ്ലവത്തിലല്ല തന്റെ ശ്രദ്ധയെന്നും മാര്‍പ്പാപ്പ പറഞ്ഞു. എപ്പോഴും ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, സ്വവര്‍ഗ്ഗ ലൈംഗികത എന്നീ വിഷയങ്ങളില്‍ മാത്രം നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ലെന്ന് പാപ്പ പറഞ്ഞു. ഈ വിഷയങ്ങളെ കുറിച്ച് താന്‍ അധികം സംസാരിച്ചിട്ടില്ലെന്നും അതിന്റെ പേരില്‍ താന്‍ ഇതിനകം പഴി കേട്ടുവെന്നും പാപ്പ സൂചിപ്പിച്ചു. എന്നാല്‍, എപ്പോഴും ഈ വിഷയങ്ങള്‍ സംസാരിക്കേണ്ട ആവശ്യമില്ലെന്ന് പാപ്പ പറഞ്ഞു.
പ്രധാന തീരുമാനമെടുക്കുന്ന അവസരങ്ങളില്‍ സ്ത്രീകളുടെ ധിഷണ സഭയ്ക്ക് ആവശ്യമുണ്ടെന്ന് പാപ്പ പറഞ്ഞു. ഇതിനായി സഭയില്‍ സ്ത്രീയുടെ പങ്കിനെ കുറിച്ച് ദൈവശാസ്ത്ര പരമായ അന്വേഷണം കൂടുതലായി നടക്കണമെന്ന് പാപ്പ ആവശ്യപ്പെട്ടു. സ്ത്രീകളുടെ പങ്കിനെ കുറിച്ച് ഇന്ന്‍ കേള്‍ക്കുന്ന ആശയങ്ങള്‍ പുരുഷാധിപത്യ പ്രത്യയശാസ്ത്രത്താല്‍ പ്രചോദിതമാണെന്നും ഇത്തരത്തില്‍ ഒരു സ്ത്രീരൂപത്തിലുള്ള പുരുഷന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഉത്തരത്തോട് തനിക്ക് യോജിപ്പില്ലെന്നും പാപ്പ വ്യക്തമാക്കി.