ഫേസ്ബുക്കില്‍ ‘ലൈക്’ ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യമെന്ന് യു.എസ് കോടതി

Thu, 19-09-2013 11:47:00 AM ;
റിച്ച്മണ്ട്

facebook likeസോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് ഫേസ്ബുക്കിലെ പേജുകളിലെ ലൈക് ബട്ടണ്‍ ഉപയോഗിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്ന് യു.എസ്സിലെ ഫെഡറല്‍ കോടതി. ഫേസ്ബുക്ക് ലൈക് ഭരണഘടനാപരമായ സംരക്ഷണം ലഭിക്കാന്‍ മതിയായ ഒന്നല്ലെന്ന കീഴ്ക്കോടതി വിധി തള്ളിക്കൊണ്ടാണ് അപ്പീല്‍ കോടതിയുടെ വിധി.

 

വിര്‍ജീനിയ സംസ്ഥാനത്തെ ഹാംപ്ടണില്‍ ഷെരിഫ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിയെ പിന്തുണച്ചതിന്റെ പേരില്‍ തങ്ങളെ ജോലിയില്‍ നിന്ന് പുറത്താക്കി എന്നാരോപിച്ച് ആറു ജീവനക്കാര്‍ സമര്‍പ്പിച്ച കേസാണ് അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിധിക്ക് കാരണമായത്. പുറത്താക്കപ്പെട്ടവരില്‍ ഒരാളായ ഡാനിയല്‍ റേ കാര്‍ട്ടര്‍ ഷെരിഫ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ. റോബര്‍ട്ട്സിന്റെ എതിരാളി ജിം ആഡംസിന്റെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്തിരുന്നു. യു.എസ് ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉറപ്പ് നല്‍കുന്ന മാധ്യമ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഇതുള്‍പ്പെടുമെന്നായിരുന്നു കാര്‍ട്ടറുടെ വാദം.

 

ഒരു സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുന്നത് ആ സ്ഥാനാര്‍ഥിയോടുള്ള അംഗീകാരമാണ് കാണിക്കുന്നതെന്നും ഇത് 21-ാം നൂറ്റാണ്ടിലെ രാഷ്ട്രീയ പ്രചാരണ ഉപാധികളില്‍ പെടുമെന്നും മൂന്നംഗ അപ്പീല്‍ കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ വസതികളില്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള അവകാശത്തിന് തുല്യമാണിതെന്നും കോടതി പറഞ്ഞു. 

 

കേസില്‍ അമിക്കസ് ക്യൂറി (കോടതിയുടെ സുഹൃത്ത്) ആയി കക്ഷിചേര്‍ന്നിരുന്ന അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും ഫേസ്ബുക്കും കോടതി വിധിയെ സ്വാഗതം ചെയ്തു.

Tags: