Skip to main content
ഇസ്ലാമാബാദ്

അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ കഴിഞ്ഞിരുന്നത് കണ്ടെത്തുന്നതില്‍ സൈന്യത്തിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും വീഴ്ചപറ്റിയെന്നു പാക് സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ വിലയിരുത്തി. മുന്‍ സുപ്രീം കോടതി ജഡ്ജി ജാവേദ് ഇക്ബാലിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ അബട്ടാബാദ് കമ്മീഷന്റെ രഹസ്യ റിപ്പോര്‍ട്ടിലാണ് പാകിസ്ഥാനിലെ വിവിധ സ്ഥാപനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

 

2002 മുതല്‍ 2011-ല്‍ കൊല്ലപ്പെടുന്നതുവരെ ബിന്‍ ലാദന്‍ പാകിസ്താനില്‍ ഒളിവില്‍ കഴിഞ്ഞിരുന്നുവെന്നും അബട്ടാബാദ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. അബട്ടാബാദിലെ പാകിസ്താന്‍  സൈനിക അക്കാദമിക്ക് വളരെയടുത്തായിരുന്നു അദ്ദേഹം അഞ്ച് വര്‍ഷത്തിലേറെ കഴിഞ്ഞത്. ഐ.എസ്.ഐ.യ്ക്ക് നേരെയാണ് കമ്മീഷന്റെ പ്രധാന വിമര്‍ശനം. പാകിസ്താന്‍ ഏജന്‍സികളുടെ സഹായമില്ലാതെയാണ് സി.ഐ.എ ലാദനെ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

ബിന്‍ ലാദന്‍ പാക്കിസ്ഥാനില്‍ കഴിഞ്ഞതിന്റെയും പാക് സര്‍ക്കാറിന്റെ അനുമതിയില്ലാതെ ലാദനെ യുഎസ് കമാന്‍ഡോകള്‍ വധിച്ചതിനെയും കുറിച്ച് അന്വേഷിക്കാനാണ്  കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്.