ടോക്യോ: ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആണവകരാര്‍ ചര്‍ച്ച വേഗത്തിലാക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് പ്രഖ്യാപനം. ജപ്പാനില്‍ നിന്നും ആണവ റിയാക്ടറുകള്‍ ഉടന്‍ ഇറക്കുമതി ചെയ്യുമെന്നും ആണവ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിവേഗ റെയില്‍വേ പദ്ധതി അടക്കമുള്ള ഇന്ത്യയുടെ പദ്ധതികള്‍ക്ക് എല്ലാ വിധത്തിലുള്ള സഹായവും രാജ്യം ചെയ്യുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധം സുരക്ഷ തുടങ്ങിയ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും സമാധാനം നിലനിര്‍ത്തുമെന്നും ഇരു രാജ്യങ്ങളും ഉറപ്പു നല്‍കി. യു.എന്‍ രക്ഷാസമിതി പരിഷ്കരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ചര്‍ച്ച നടത്താനും ഇരു രാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിച്ചു.
ആണവ നിര്‍വ്യാപനമാണ് ഇന്ത്യയുടെ ലക്‌ഷ്യം എന്നാല്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയില്‍ ഒപ്പ് വക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ജപ്പാനിലെത്തിയത്.