മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ ഇരുപതാം തവണയും മുത്തമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. തിങ്കളാഴ്ച ആസ്റ്റണ്‍ വില്ലയെ റോബിന്‍ വാന്‍ പേഴ്സിയുടെ ഹാട്രിക്ക് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് നാല് മത്സരം ശേഷിക്കെ അലക്സ് ഫെര്‍ഗുസണിന്റെ ശിഷ്യര്‍ കിരീടം ഉറപ്പിച്ചത്.
രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍മാര്‍ മാഞ്ചസ്റ്റര്‍ സിറ്റി ഞായറാഴ്ച 1-3ന് ടോട്ടന്‍ഹാം ഹോട്ട്സ്പറിനോട് തോറ്റതോടെ കിരീടം തിരിച്ചു പിടിക്കാനുള്ള അവസരം യുണൈറ്റഡിന് തുറന്നു കിട്ടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സീസണിന്റെ അവസാന ദിവസം വരെ നീണ്ട ആകാംക്ഷക്കൊടുവിലാണ് യുണൈറ്റഡിനെ പിന്തള്ളി സിറ്റി കിരീടം നേടിയത്.
ടീം മാനേജര്‍ ഫെര്‍ഗുസണിന്റേയും മിഡ്‌ഫീല്‍ഡര്‍ റയാന്‍ ഗിഗ്ഗ്സിന്റേയും കിരീട ശേഖരം ഇതോടെ 13 ആയി. ആകെ കിരീട നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 18 കിരീടങ്ങള്‍ ആണുള്ളത്.
ഓള്‍ഡ് ട്രാഫോര്‍ഡിലെ സ്വന്തം തട്ടകത്തില്‍ കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ വാന്‍ പേഴ്സി യുനൈറ്റഡിനെ മുന്നിലെത്തിച്ചു. വൈകാതെ 40 വാര അകലെ നിന്ന് തൊടുത്ത പാസ് വാന്‍ പേഴ്സി കിടയറ്റ ഒരു വോളിയിലൂടെ നെറ്റിലെത്തിച്ചപ്പോള്‍ ഗോളിക്ക് കാഴ്ചക്കാരന്റെ പങ്കേ ഉണ്ടായിരുന്നുള്ളൂ. മുപ്പത്തി മൂന്നാം മിനിറ്റില്‍ മൂന്നാം ഗോളും നേടി വാന്‍ പേഴ്സി പട്ടിക തികച്ചപ്പോള്‍ 24 ഗോളുകളോടെ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയിലും യുനൈറ്റഡ് താരം മുന്നിലെത്തി.