ടോക്യോ: ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തില്‍ വീണ്ടും റേഡിയോ ആക്ടീവ് വികിരണം കലര്‍ന്ന വെള്ളം ചോര്‍ന്നു. നിലയത്തിനാവശ്യമായ വെള്ളം സൂക്ഷിച്ചിരിക്കുന്ന ഏഴു ഭൂഗര്‍ഭ സംഭരണികളും കാലിയാക്കാന്‍ നിലയത്തിന്റെ ചുമതലക്കാരായ ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനി (ടെപ്കോ) കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
നേരത്തെ മൂന്നു സംഭരണികളില്‍ ചോര്‍ച്ച കണ്ടെത്തിയിരുന്നു. ഇവയില്‍ നിന്ന്‍ വെള്ളം മാറ്റുന്ന പൈപ്പുകളില്‍ ഒന്നിലാണ് വ്യാഴാഴ്ച ചോര്‍ച്ച കണ്ടെത്തിയത്. 22 ലിറ്റര്‍ വെള്ളമാണ് ചോര്‍ന്നത്.
വെള്ളം കലര്‍ന്ന മണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങിയതായും ടെപ്കോ അധികൃതര്‍ അറിയിച്ചു. റേഡിയോ ആക്ടീവ് വെള്ളം മണ്ണില്‍ കലരുന്നത് സസ്യ-ജന്തു ജാലങ്ങള്‍ക്ക് ദോഷകരമാണ്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഒരു സംഘം അടുത്ത ആഴ്ച നിലയം സന്ദര്‍ശിക്കുന്നുണ്ട്. 2011 മാര്‍ച്ച് 11 ന്റെ ഭൂകമ്പത്തിലും സുനാമിയിലും നിലയത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.