ന്യൂഡല്‍ഹി: സംഘര്‍ഷ ബാധിതമായ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ഫ്രഞ്ച് സേനയുടെ വെടിയേറ്റ് രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദ് ഖേദം രേഖപ്പെടുത്തി.
തലസ്ഥാനമായ ബാന്‍ഗുയിയില്‍ വിമാനത്താവളത്തിലേക്ക് വന്നുകൊണ്ടിരുന്ന വാഹനത്തിനു നേര്‍ക്ക് നടത്തിയ വെടിവെപ്പിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. ആറു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സെലെക വിമതര്‍ തലസ്ഥാനം പിടിച്ചതിനെ തുടര്‍ന്ന് ഫ്രഞ്ച് സേനക്കാണ് വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനയച്ച കത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രസിഡന്റ് ഒലാന്ദ് ഉറപ്പു നല്‍കി. പരിക്കേറ്റവര്‍ ഫ്രഞ്ച് ആരോഗ്യ പ്രവര്‍ത്തകരുടെ ചികിത്സയിലാണെന്നും പ്രസിഡന്റ് അറിയിച്ചു.
മരണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അഗാധ ദു:ഖം അറിയിച്ചു. മധ്യ ആഫ്രിക്കയില്‍ താമസിക്കുന്ന നൂറോളം ഇന്ത്യക്കാരുടെ സുരക്ഷക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ മധ്യ ആഫ്രിക്കയുടെ ചുമതലയുള്ള കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലെ ഇന്ത്യയുടെ സ്ഥാനപതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.