Skip to main content

chinua achebe കൊച്ചി: ‘ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന നൈജീരിയന്‍ എഴുത്തുകാരന്‍ ചിനുവ അച്ച്ബേ (82) അന്തരിച്ചു. യു.എസ്സിലെ മസ്സാച്യുസെറ്റ്സില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. ബോസ്റ്റണിലെ ഒരു ആശുപത്രിയില്‍ ഏതാനും നാളുകളായി ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. യു.എസ്സിലെ പ്രമുഖമായ ബ്രൌണ്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസ്സര്‍ ആയിരുന്നു അച്ച്ബേ.

 

ആഫ്രിക്കന്‍ സാഹിത്യത്തിന്റെ വികാസത്തിന് നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തിയാണ് ചിനുവ അച്ച്ബേ. 1958-ല്‍ പ്രസിദ്ധീകരിച്ച ‘തിംഗ്സ് ഫാള്‍ അപാര്‍ട്ട്’ എന്ന ആദ്യ നോവല്‍ തന്നെ അദ്ദേഹത്തിനു ലോകസാഹിത്യത്തിലെ ലബ്ധപ്രതിഷ്ഠരുടെ ഇടയില്‍ സ്ഥാനം നേടിക്കൊടുത്തു. ഒന്നേകാല്‍ കോടിയോളം പ്രതികള്‍ വിറ്റഴിഞ്ഞ പുസ്തകം അന്‍പതിലേറെ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഉത്തര കോളനീകരണ കാലഘട്ടത്തിലെ ആഫ്രിക്കയുടെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക അവസ്ഥകളെക്കുറിച്ച് പഠിച്ച ചിന്തകനും കൂടിയായിരുന്നു അച്ച്ബേ.

 

‘സാഹിത്യത്തിനു ആഗോള തലത്തില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക്’ 2007-ല്‍ അച്ച്ബെയ്ക്ക് മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ‘ആഫ്രിക്കയെ ലോകത്തിനു മുന്നിലേക്ക്‌ കൊണ്ടുവന്ന എഴുത്തുകാരന്‍’ എന്നായിരുന്നു നെല്‍സണ്‍ മണ്ടേല അച്ച്ബേയെ വിശേഷിപ്പിച്ചത്.